കോട്ടയം: ഡീസലിനും പെട്രോളിനും റിഫൈനറിയിലും സംഭരണകേന്ദ്രങ്ങളിലും ക്ഷാമമില്ല; വിതരണത്തിനുണ്ടായിരിക്കുന്ന പരിമിതിയാണ് ക്ഷാമത്തിനു കാരണമെന്നു പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ജേക്കബ് ചാക്കോ. ജില്ലയിലെ 70 ശതമാനം പന്പുകളിലും ഇന്ധനം തീർന്നിരിക്കുന്നു. ഇന്നു മുതൽ ഇന്ധനവിതരണം സുതാര്യമാക്കാമെന്നാണ് പ്രതീക്ഷ.
ഇത്തരം ലോറികൾ ഏറെയും തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളതും ഡ്രൈവർമാരും ക്ലീനർമാരും തൃശൂർ ജില്ലക്കാരുമാണ്. ഇവർ പ്രളയക്കെടുതിയിൽ നാട്ടിൽ ഒറ്റപ്പെട്ടുപോയി. ലോറികളേറെയും ഇരുന്പനം, തൃപ്പൂണിത്തുറ, അന്പലമുകൾ എണ്ണവിതരണ കേന്ദ്രങ്ങളിലും കിടക്കുന്നു.
ചാലക്കുടി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ഡ്രൈവർമാർ ഇന്നെത്തി ലോറികൾ ഓടിച്ചുതുടങ്ങുന്നതോടെ വിതരണം സുതാര്യമായിത്തുടങ്ങും. ആശങ്കയിൽ ഏറെപ്പേരും അധികം ഇന്ധനം സംഭരിച്ചതും ക്ഷാമത്തിനു കാരണമായതായി ജേക്കബ് ചാക്കോ വ്യക്തമാക്കി.