വെള്ളരിക്കുണ്ട്(കാസർഗോഡ്): മാഹിയിലെ പെട്രോൾ പന്പിൽനിന്ന് ഫുൾടാങ്ക് ഡീസലടിച്ച വെസ്റ്റ് എളേരി പരപ്പച്ചാൽ സ്വദേശി ചക്കാലയ്ക്കൽ ജിമ്മി ബില്ല് കണ്ടപ്പോൾ ഞെട്ടി. 70 ലിറ്റർ കപ്പാസിറ്റിയുള്ള തന്റെ മഹീന്ദ്ര എക്സ്യുവി 500 ൽ 71 .85 ലിറ്റർ ഡീസലടിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 28നു രാത്രിയിൽ കോട്ടയത്ത് നിന്ന് നാട്ടിലേക്കു മടങ്ങുംവഴിയാണ് ഡീസലടിച്ചത്. പന്പിൽ കയറുന്പോൾ ഒരു ലിറ്റർ ഡീസൽ ടാങ്കിലുണ്ടായിരുന്നു. 69 ലിറ്റർ കൊണ്ടുനിറയേണ്ട ടാങ്കിലാണ് മൂന്നു ലിറ്ററോളം അധികം അടിച്ചതായി ബില്ലിൽ രേഖപ്പെടുത്തിയത്.
ഹിന്ദിക്കാരായ ജീവനക്കാരോട് പരാതിപറഞ്ഞപ്പോൾ മാനേജരോട് ചെന്നുപറയാനുള്ള നിർദേശമാണ് നൽകിയത്. വിലയിലെ ലാഭം നോക്കി വാഹനയാത്രക്കാർ മാഹിയിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ഇവിടെ അളവിൽ വലിയതോതിലുള്ള കൃത്രിമം നടക്കുന്നതായി മുന്പും വ്യാപകമായ പരാതിയുണ്ടായിരുന്നു.