തൃശൂർ: കോവിഡിന്റെ കാലത്തു പോലും എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം സാധാരണ രീതിയിലേക്കെത്തുന്പോൾ ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ബസുടമകളും ലോറിയുടമകളും ഒരു പോലെ പറയുന്നത്.
സാധാരണ ദിവസവും ആശങ്കയോടെയാണ് കോവിഡിന്റെ കണക്ക് കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ അതിലും പേടിയോടെയാണ് ദിവസവും ഡീസലിന്റെ വില വർധന കേൾക്കുന്നത്.
ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഡീസൽ വില വർധന പിടിച്ചു നിർത്താൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ബസ് സർവീസ് മാത്രമല്ല, ലോറി സർവീസും തനിയെ നിർത്തേണ്ടി വരുന്ന സാഹചര്യമാണെന്ന് ഉടമകൾ പറയുന്നു.
ഡീസൽ വില വർധിപ്പിക്കുന്നതിനാൽ സാധാരണ ലോറി വാടകയിൽ സാധനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരാൻ സാധിക്കില്ല. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമെന്നുറപ്പ്.
എന്നാൽ നിസാര വാടക വർധനവുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. കാരണം ദിനംപ്രതിയാണ് ഡീസലിന്റെ വില വർധനയുണ്ടായിക്കൊണ്ടിരിക്കുന്നത്.
ഈ വില വർധനയുടെയനുസരിച്ച് വാടകയിലും വ്യത്യാസം വരുത്തേണ്ടി വരുമത്രേ. ഇതോടെ അരിയുൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വിലയിലും വ്യത്യാസം വരുത്തേണ്ടി വരുമെന്ന് വ്യാപാരികളും പറയുന്നു.
ഇതോടെ ഇന്ധന വില വർധന പോലെ തന്നെ സ്ഥിരമായ ഒരു മാർക്കറ്റ് ഇല്ലാതാകുന്ന അരക്ഷിതാവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേന്ദ്രസർക്കാരിന്റെ ഇത്തരം നീക്കത്തിനെതിരെ കാര്യമായി പ്രതികരിക്കാനോ ഇടപെടലുകൾ നടത്താനോ ആരും തയ്യാറാകാത്തത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
ഡീസൽ വില വർധനയ്ക്കനുസരിച്ച് ബസ് ചാർജിലും വർധനയുണ്ടാകാതിരുന്നതാൽ ബസ് സർവീസുകളും ഇല്ലാതാകും. ഇതോടെ വലിയ ഒരു വിഭാഗം ആളുകൾക്ക് തൊഴിൽ തന്നെ നഷ്ടമാകുമെന്ന സാഹചര്യമാണ്.
നിലവിൽ കോവിഡ കാലത്ത് സംസ്ഥാന സർക്കാർ നികുതി കുറച്ചും മറ്റും സഹായം ചെയ്തതിനാലാണ് പിടിച്ചു നിൽക്കാൻ തന്നെ കഴിഞ്ഞത്. നിലവിൽ യാത്രക്കാർ കുറവായതിനാൽ ഇപ്പോഴും പല ബസുകളും സർവീസ് ആരംഭിച്ചിട്ടില്ല.
ടൂറിസ്റ്റ് ബസുകൾ എട്ടു മാസത്തിലധികമായി സർവീസ് നടത്തിയിട്ട്. ജീവനക്കാർ ജീവിക്കാൻ വേറെ വഴികൾ തേടിയിരിക്കയാണിപ്പോൾ. കോവിഡിനേക്കാൾ ക്രൂരമായി കേന്ദ്ര സർക്കാർ നടത്തുന്ന ഇന്ധനവില വർധനയ്ക്ക് തടയിടാൻ നടപടി സ്വീകരിക്കണമെന്നാണ് വാഹനയുടമകൾ കൂട്ടമായി ആവശ്യപ്പെടുന്നത്.