ന്യൂഡൽഹി: രൂക്ഷമായ ഇന്ധന വിലവർധനയെ ന്യായീകരിച്ചു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. വിലവർധനയിലൂടെ ലഭിക്കുന്ന പണം സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കാണു ചെലവഴിക്കുന്നത്.
ഇന്ധന വില വർധന ജനങ്ങൾക്ക് പ്രശ്നമാണ്. എന്നാൽ, ദുഷ്കരമായ ഈ സമയത്ത് ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്.
മഹാമാരിക്കെതിരേ പോരാടാനും വികസന പ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ നിന്നുള്ള അധിക പണം ആവശ്യമാണ്.
വാക്സിനുകൾക്കും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും പണം ചെലവഴിക്കുന്നതു കൂടാതെ ഈ വർഷം മാത്രം പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി സർക്കാർ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വിലവർധനയെ ക്കുറിച്ചു പരാതി പറയുന്ന കോണ്ഗ്രസ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറയ്ക്കാത്തതെന്താണെന്നും ധർമ്മേന്ദ്ര പ്രധാൻ ചോദിച്ചു.
വില വർധനയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന രാഹുൽ ഗാന്ധി രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര സർക്കാരുകളോടു നികുതി കുറയ്ക്കാൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ഇക്കാര്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടു നിർദേശിക്കുമോയെന്ന ചോദ്യങ്ങളോടു കേന്ദ്രമന്ത്രി പ്രതികരിച്ചില്ല.
ഇതിനിടെ, ജനങ്ങൾക്ക് കൂടുതൽ ദുരിതം സമ്മാനിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും പെട്രോൾ വില കുതിക്കുകയാണ്.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഡീസലിന് ഇന്നലെ 100 രൂപ കടന്നു. അവിടെ പെട്രോളിന് 107.22 രൂപയാണു ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇവിടെ പെട്രോളിന് 100 കടന്നിരുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ വില 100 രൂപയിലധികമായി.
40 ദിവസത്തിനിടെ 23 തവണയാണ് പെട്രോളിന് വില കൂട്ടിയത്. കേരളത്തിൽ കുമളിയിൽ പ്രമീയം പെട്രോളിന് 100 രൂപയിൽ കൂടുതലാണ് വില.