കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 87.30 രൂപയും. ഡീസലിന് 81.53 രൂപയിലേക്കുമെത്തി.
തിരുവനന്തപുരത്ത് പെട്രോളിന് 88.83 രൂപയായപ്പോള്‍ ഡീസല്‍ വില ഉയര്‍ന്ന് 82.97 രൂപയായി. കഴിഞ്ഞമാസം 26നു ശേഷം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയില്‍ ഇന്നലെ മുതലാണ് വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയത്.
രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.
രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു നിന്നപ്പോള്‍ അതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഇന്ധന വില കുതിച്ചുയരുമ്പോഴും നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ തയാറായിട്ടില്ല.
പുതുവര്‍ഷം പിറന്നതിന് ശേഷം പെട്രോള്‍ ലിറ്ററിന് 2.96 രൂപയുടെയും ഡീസലിന് 3.13 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 74 രൂപയില്‍ നിന്ന് 87 രൂപയ്ക്കു മുകളിലാണ് ഇന്ധനവില വര്‍ധിച്ചത്. അതേസമയം ആഗോളതലത്തില്‍ ആദ്യ ലോക്ക് ഡൗണ്‍ ഉണ്ടായ സമയത്ത് ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ഏപ്രിലില്‍ 20 ഡോളര്‍ വരെ എത്തിയിരുന്നു.
ഈ സമയത്തും ഇന്ത്യയില്‍ പെട്രോളിന്റെ വില 72 രൂപ വരെയുണ്ടായിരുന്നു. നിലവിലെ വിലക്കയറ്റം തുടര്‍ന്നാല്‍ പുതിയ റിക്കാര്ഡുകളിലേക്ക് ഇന്ധനവിലയെത്തും. വരും ദിവസങ്ങളിലും വില വര്‍ധനവുണ്ടാകാനാണ് സാധ്യത.