കൊടകര(തൃശൂർ): പെട്രോൾ അടിക്കാൻ പമ്പിലെത്തിയവർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബൈക്ക് യാത്രികൻ മുപ്ലിയം മാണൂക്കാടൻ ദിലീപ് പൊള്ളലുകളോടെ രക്ഷപ്പെട്ടു.
പ്രതി കരിമണി എന്നറിയപ്പെടുന്ന ഒമ്പതുങ്ങൽ വട്ടപ്പറമ്പിൽ വിനീതിനെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഇയാൾ ഒളിവിലാണ്. പമ്പിനു തീപിടിക്കാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പമ്പ് ജീവനക്കാരി സുധയ്ക്കും പൊള്ളലേറ്റു.
കോടാലിക്കടുത്ത് മൂന്നുമുറി ചേലക്കാട്ടുകരയിലുള്ള പെട്രോൾ പമ്പിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടേമുക്കാലോടെയാണ് സംഭവം. ഫ്യൂവൽ പമ്പിന് കഷ്ടിച്ച് രണ്ടു മീറ്റർ അകലത്തിലാണ് ബൈക്ക് കത്തിയതെങ്കിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബൈക്കിലും സ്കൂട്ടറിലുമായി പെട്രോൾ പമ്പിലെത്തിയവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.
ദിലീപ് പെട്രോൾ അടിച്ച ശേഷം രണ്ടായിരത്തിന്റെ നോട്ട് നൽകിയപ്പോൾ ബാക്കി നൽകുന്നതിലുണ്ടായ കാലതാമസത്തിൽ പ്രകോപിതനായാണ് കരിമണി വാക്കുതർക്കമുണ്ടാക്കിയത്. തർക്കം മൂത്തതിനെത്തുടർന്ന് സ്കൂട്ടർ യാത്രികനായ കരിമണി വിനീത് കുപ്പിയിലുണ്ടായിരുന്ന പെട്രോൾ എടുത്ത് ബൈക്കിലിരുന്ന ദിലീപിന്റെ തലയിലേക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വസ്ത്രത്തിൽ തീപിടിച്ച ദിലീപ് ബൈക്കിൽനിന്നു ചാടി നിലത്തുരുണ്ടശേഷം ഓടിമാറി. മുപ്പതു ശതമാനം പൊള്ളലേറ്റ ഇയാളെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായും കത്തിനശിച്ചു.
വിവരമറിഞ്ഞ് പുതുക്കാട്ടുനിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും പമ്പ് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് തീയണച്ചിരുന്നു. എസ്ഐ എസ്.എൽ. സുധീഷിന്റെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര പോലീസും സ്ഥലത്തെത്തി.
പമ്പിലെ സിസിടിവി കാമറയിൽനിന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കരിമണി വിനീതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ പിടികൂടാനായി ഉൗർജിതമായ അന്വേഷണം നടത്തിവരികയാണെന്ന് എസ്ഐ പറഞ്ഞു.