വടകര: പെട്രോൾ പന്പിൽ ആയുധ പൂജ നടക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായി. വടകര നാരായണനഗറിൽ തിരുവള്ളൂർ റോഡിലെ പന്പിലാണ് ഇങ്ങനെയൊരു കൃത്യം നടന്നത്. അപകടസാധ്യത കണക്കിലെടുത്ത് പെട്രോൾ പന്പിൽ മൊബൈൽ ഫോണ് പോലും ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.
എന്നാൽ പന്പിംഗ് നടക്കുന്നതിനു തൊട്ടടുത്തുള്ള ഓഫീസിനോട് ചേർന്നാണ് പൂജ നടന്നത്. അന്യർ കാണാതിരിക്കാൻ കർട്ടനൊക്കെ ഇട്ടാണ് പൂജ നടത്തിയത്. കർപൂരവും വിളക്കും കത്തിച്ചുതന്നെയായിരുന്നു പൂജ.
ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചവരോട് പെട്രോൾ പന്പുകാർ തട്ടിക്കയറിയതോടെ ഒരാൾ ഇത് മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ സംഭവം ഏവരുടേയും ശ്രദ്ധയിൽപെട്ടു. സംഗതി പുലിവാലാകുമെന്ന് കണ്ട് ഇവ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിക്കിട്ടാനാണ് പന്പുകാരുടെ ശ്രമം.