മുക്കം: പെട്രോള്‍പമ്പില്‍ തോക്ക്ചൂണ്ടി . 1,08,000 രൂപയോളം കവര്‍ന്നു. കോഴിക്കോട് -മുക്കം റോഡില്‍ കളന്‍തോടില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ എഇകെ ഫ്യൂവല്‍ സ്റ്റേഷനില്‍ ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടര്‍ന്നു വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഈ സമയത്താണ് മുഖം മറിച്ച ഒരാള്‍ ഓഫീസിലെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയത്.
പമ്പിലെ ജീവനക്കാരനായ അര്‍ഷിദിന് നേരെ തോക്ക് ചൂണ്ടുകയും പണം ആവശ്യപ്പെടുയുമായിരുന്നു. ഈ സമയം പമ്പിന്റെ ഉടമസ്ഥ അനീഷയും സ്ഥലത്തുണ്ടായിരുന്നു. പണവുമായി വീട്ടിലേക്ക് പോവാനിറങ്ങവേയാണ് മോഷ്ടാവ് എത്തി തോക്കു ചൂണ്ടി പണം കവര്‍ന്നത്. കുന്നമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി .
നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അന്വേഷണമാരംഭിച്ചു. സമീപ ദിവസങ്ങളിലായി ജയിലില്‍ നിന്നും പുറത്തിറിങ്ങിയ സ്ഥിരം മോഷ്ടാക്കളെ കുറിച്ചും സമീപ പ്രദേശങ്ങളിലുള്ള കവര്‍ച്ചാസംഘത്തെ കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കവര്‍ച്ച നടന്ന സമയത്തെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇതിനാല്‍ സമീപത്തെ മൊബൈല്‍ ടവറുകളില്‍ രേഖപ്പെടുത്തിയ ഫോണ്‍കോളുകള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
സമീപത്തെ കടകളിലും റോഡരികിലെ വീടുകളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. പമ്പിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി.