കണ്ണൂർ: പെട്രോൾ പന്പിൽ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണൂർ പോലീസ് ഡിഎച്ച് ക്യുവിലെ ഡ്രൈവർ കെ. സന്തോഷ്കുമാറി (50) നെതിരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോർവാഹനവകുപ്പ്.
മോട്ടോർവാഹനവകുപ്പിന്റെ അന്വേഷിച്ച് ലൈസൻസ് റദ്ദാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാന്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പന്പിലായിരുന്നു സംഭവം. 2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണ് നൽകിയത്.
ബാക്കി പണത്തിന് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുപറഞ്ഞ് കാറുമായി പോകാൻ ശ്രമിക്കുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ അനിൽ മുന്നിൽനിന്ന് തടയാൻ ശ്രമിച്ചു.
ഇത് ഗൗനിക്കാതെ കാർ നീക്കിയപ്പോൾ അനിൽ ബോണറ്റിനു മുകളിലേക്ക് വീണു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ് കുമാർ അതിവേഗം പോകുകയായിരുന്നു. അനിലിനെയും കൊണ്ട് തിരക്കേറിയ നഗരത്തിലൂടെ അഞ്ഞൂറു മീറ്ററോളം ഓടിയശേഷം ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലാണ് നിർത്തിയത്.
വിവരം അറിഞ്ഞെത്തിയ ടൗൺ പോലീസ് സന്തോഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് വധശ്രമ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്പ് കണ്ണർ നഗരത്തിലെ കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പന്പിലേക്ക് ഇയാൾ പോലീസ് വാഹനം ഓടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്.
അതേസമയം, സന്തോഷ് കുമാർ പലപ്പോഴും മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസിലെ നല്ലൊരു ഡ്രൈവറായിരുന്നു സന്തോഷ് കുമാർ. എട്ട് വർഷങ്ങൾക്ക് മുന്പ് ഒരു വിഐപിക്ക് എസ്കോട്ട് പോകുന്നതിനിടെ വാഹനം അപകടത്തിൽപെട്ട് സന്തോഷ് കുമാറിന്റെ തലയിൽ കന്പി തുളച്ചുകയറി വെറ്റിലേറ്ററിൽ കിടന്നിരുന്നു. ഈ അപകടത്തിനുശേഷം പോലീസ് മെസിന്റെ വാഹനം ഓടിക്കുന്നപോലുള്ള ചെറിയ ചെറിയ ജോലികൾ മാത്രമേ സന്തോഷ് കുമാറിനെ ഏൽപ്പിക്കാറുള്ളെന്ന് പോലീസ് പറഞ്ഞു.