കൊച്ചി: പരിധികൾ ലംഘിച്ചുള്ള ഇന്ധനവില വര്‍ധനയില്‍ വിവിധകോണുകളില്‍നിന്നു പ്രതിഷേധം ഇരന്പുന്നു. പെട്രോൾ, ഡീസൽ എന്നിവയ്ക്കൊപ്പം പാചകവാതക വിലയും കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. അടിക്കടി ഉയരുന്ന ഇന്ധനവില വന്‍ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നതെന്നു വിവിധ കോണുകളിലുള്ളവര്‍ വ്യക്തമാക്കുന്നു.
14.2 കിലോഗ്രാമിന്റെ പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ഇന്നലെ ഒറ്റയടിക്ക് 25 രൂപയാണു കൂടിയത്. പെട്രോളിന് 34 പൈസയും ഡീസലിന് 35 പൈസയും വർധിച്ചു.
വീടുകളിലടക്കം സർവമേഖലയിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകുന്നു. ഇന്ധനവില വർധന കാരണം ജീവിതച്ചെലവു താങ്ങാനാകാതെ ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെ നട്ടംതിരിയുകയാണ്.
ബസ്, ഓട്ടോ, ടാക്സി മേഖലയിൽ സര്‍വീസുകൾ മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. ക്രൂഡ് ഓയിലിന്റെ വിലയ്ക്കനുസൃതമായി ഇന്ധനവില കുറയ്ക്കുന്നില്ലെന്നും കമ്പനികളും സര്‍ക്കാരും ഒത്തുകളിക്കുന്നതായും ആക്ഷേപം ശക്തമാണ്. ഇന്ധനവില വർധന സൃഷ്ടിക്കുന്ന പ്രതിന്ധികളെക്കുറിച്ചു വിവിധ മേഖലകളിലുള്ളവരുടെ പ്രതികരണങ്ങൾ തുടരുന്നു.
പലരും കൂലിപ്പണിയിലേക്കു മാറി
ഷാജോ ജോസ്, (ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന് സെക്രട്ടറി)
ലോക്ഡൗണിനു പിന്നാലെ ഇന്ധനവില വര്‍ധന ഓണ്‍ലൈന്‍ ടാക്സി മേഖലയെയാകെ തളര്‍ത്തിയ നിലയിലാണ്. ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഓട്ടം തീരെ കുറവായതിനാൽ ഈ മേഖലയിലുണ്ടായിരുന്നവരില് പലരും മറ്റു ജോലികളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. കൂലിപ്പണിയും വഴിയോര കച്ചവടവുംവരെ പലരും ചെയ്യുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ സര്‍വീസ് നടത്തിയാല്‍ നിലവിലെ സ്ഥിതിയില്‍ നയാപൈസ ലാഭം ലഭിക്കില്ല. നഗരത്തില്‍ കൂടുതലും സിഎന്‍ജി വാഹനങ്ങളാണ് ഓടുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കു പാക്കേജ് ഓട്ടം ലഭിച്ചെങ്കില്‍ മാത്രമേ നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാനാകൂ.
നഗരത്തിലെ തിരക്കിനിടയില്‍ ഇന്ധനക്ഷമത ലഭിക്കില്ലാത്തതിനാൽ സിറ്റി പരിധിയിലെ സർവീസ് പലരും ഒഴിവാക്കുകയാണ്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നതിനുള്ള തീയതി സര്‍ക്കാര്‍ നീട്ടിയെങ്കിലും ഭീമമായ ഇന്‍ഷ്വറന്‍സ് തുകയും മറ്റും താങ്ങാവുന്നതിലപ്പുറമാണ്.
ഡീസൽ കാശുപോലും കിട്ടുന്നില്ല
(ബസ് കണ്ടക്ടര്‍ സി.കെ. സുനിലും ഡ്രൈവര്‍ സി.സി. സിനുവും)
ചെലവുകളെല്ലാം കഴിഞ്ഞു ദിവസവും രണ്ടായിരം രൂപവരെ ഓടിക്കൊണ്ടിരുന്ന ബസിന്റെ നിലവിലെ സ്ഥിതി പരിതാപകരമെന്നു പൂത്തോട്ട-തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ സി.സി. സിനു പറയുന്നു. ദിവസവും ശരാശരി മൂവായിരം രൂപയുടെ ഡീസല്‍ ആവശ്യമാണ്.
പല ട്രിപ്പുകള്‍ക്കും യാത്രികരില്ല. ചില ട്രിപ്പുകള്‍ക്കു ഡീസല്‍ കാശുപോലും ലഭിക്കുന്നില്ല. പല ബസുകളും ട്രിപ്പുകള്‍ മുടക്കിയാണു മുന്നോട്ടുപോകുന്നത്. മൂന്നു ജീവനക്കാരുള്ളതു രണ്ടായി കുറച്ചെങ്കിലും മറ്റു ചെലവുകൾ കൂടുകയാണ്. വാഹനങ്ങള്‍ വെറുതെ കിടക്കുന്നതു നല്ലതിനല്ലാത്തതിനാലാണു ഉടമകൾ സര്‍വീസ് നടത്തുന്നത്. ജീവനക്കാരുടെ ശമ്പളത്തെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ട്.
ഇത്തരം പ്രതിസന്ധി ഇതാദ്യം
പ്രസാദ് ബോള്‍ഗാട്ടി (ഓട്ടോറിക്ഷാ ഡ്രൈവര്‍)
തന്റെ ജീവിതത്തില്‍ ഇതുപോലൊരു പ്രതിസന്ധി മുന്‍പ് ഉണ്ടായിട്ടില്ലെന്നു കൊച്ചി ബോള്‍ഗാട്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രസാദ് പറയുന്നു. പല ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ആത്മഹത്യയുടെ വക്കിലാണ്.
രാവിലെ മുതല്‍ വൈകിട്ടുവരെ കാത്തുനിന്നാലും ഒരു ഓട്ടംപോലും കിട്ടാത്ത സ്ഥിതി. ലോണ്‍ അടയ്ക്കാനുള്ള തുകപോലും ലഭിക്കുന്നില്ല. കോവിഡിനുമുമ്പ് ദിവസവും ആയിരം രൂപ വരുമാനം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നൂറു രൂപ തികച്ചു ലഭിക്കുന്ന ദിവസങ്ങൾ കുറവാണ്.
മക്കള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ വാങ്ങി നല്കിയ മൊബൈല്‍ ഫോണിന്റെ തിരിച്ചടവുപോലും മടങ്ങുന്നു. റേഷനരി ലഭിക്കുന്നതിനാല്‍ പട്ടണിയില്ലാതെ കഴിയുന്നു. പെയിന്റിംഗ് ജോലികള്‍ ഉള്‍പ്പെടെ ചെയ്താണു മിക്ക ഓട്ടോറിക്ഷാ തൊഴിലാളികളും കുടുംബം പുലര്‍ത്തുന്നത്.
ഓടിക്കാതിരിക്കുന്നതാണു ലാഭം
സി.എസ്. ഷാജഹാന് (ലോറി ഡ്രൈവര്‍)
ഇന്ധനവില അടിക്കടി ഉയരുമ്പോഴും വാടക വര്‍ധിപ്പിക്കാത്തതു ലോറി മേഖലയ്ക്കു വന്‍ തിരിച്ചടിയാണെന്നു വല്ലാര്‍പാടത്തുള്ള ലോറി ഡ്രൈവര്‍ സി.എസ്. ഷാജഹാന്. നിലവിലെ സ്ഥിതിയില്‍ വാഹനം ഓടിക്കുന്നത് ഉടമയ്ക്കു നഷ്ടമാണ്. ഡ്രൈവര്‍ക്കുള്ള ബാറ്റപോലും ലഭിക്കാത്ത സ്ഥിതി.
പൊതുവേ ഓട്ടം കുറഞ്ഞ സമയമാണു കടന്നുപോകുന്നത്. ഇതിനിടയിലാണ് ഇന്ധനവില വര്‍ധന. ദീര്‍ഘദൂര ഓട്ടം പലരും പിടിക്കുന്നില്ല.
പഠിത്തത്തിനിടയിൽ കാറ്ററിംഗും
അമല്‍ സലീം (നിയമ വിദ്യാര്‍ഥി, ഇരുചക്ര വാഹന യാത്രികന്)
വീട്ടില്‍നിന്നു കോളജിലേക്കുള്ള ബൈക്ക് യാത്രയില്‍ നേരത്തെ 200 രൂപയുടെ പെട്രോള്‍ അടിച്ചാല്‍ മതിയായിരുന്നെങ്കില്‍ നിലവില്‍ 250 രൂപയിലേക്കു ചെലവ് വര്‍ധിച്ചതായി നിയമ വിദ്യാര്‍ഥിയായ ആലപ്പുഴ സ്വദേശി അമല്‍ സലീം പറയുന്നു.
തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലാണു പഠിക്കുന്നത്.
ആഴ്ചയില്‍ ഒരു തവണയാകും വീട്ടിലേക്കും തിരിച്ചുമുള്ള യാത്ര. ഹോസ്റ്റലില്‍നിന്നു കോളജിലേക്കും മറ്റുമുള്ള യാത്രയില്‍ ബൈക്കാണു കൂടുതലായും ഉപയോഗിക്കുന്നത്. കാറ്ററിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്കു പോയാണു കൂടുതല്‍ പണം കണ്ടെത്തുന്നത്.
ഓട്ടമില്ലാതെ ബോട്ടുകൾ
സാബു ജോസഫ്(ബോട്ട് ഉടമ, മറൈന്‍ ഡ്രൈവ്)
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന തങ്ങള്‍ക്ക് ഇരുട്ടടിയാണ് ഇന്ധനവില വര്‍ധനയെന്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ സര്‍വീസ് നടത്തുന്ന ബോട്ടിന്റെ ഉടമയായ സാബു ജോസഫ് പറയുന്നു. ജീവനക്കാരടക്കം ദുരിതത്തിലാണ്.
മിക്ക ബോട്ടുകള്‍ക്കും ഓട്ടമില്ലാത്ത സ്ഥിതി. സര്‍വീസ് സാധാരണ നിലയിലേക്കു മടങ്ങുന്നതിന്റെ സൂചനകള്‍ കാട്ടിയിരുന്നെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് നിലവില്‍ തിരിച്ചടിയായിട്ടുണ്ട്.
ഇതിനൊപ്പം ഇന്ധനവില വര്‍ധിച്ചത് നഷ്ടം വര്‍ധിപ്പിക്കുന്നു. നഷ്ടത്തിലുള്ള ബോട്ടുകള്‍ വില്ക്കാമെന്നു വിചാരിച്ചാല്‍ വാങ്ങാനാളില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കാത്ത വിഭാഗമാണു ബോട്ടുടമകൾ. ലോണ്‍പോലും ലഭിക്കുന്നില്ല.