കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 60 പൈസയുടെയും ഡീസലിന് 57 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.33 രൂപയും ഡീസലിന് 68.55 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 75.74 രൂപയായും ഡീസല്‍ വില 69.89 രൂപയായും ഉയര്‍ന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെമാത്രം സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ടര രൂപയിലധികമാണ് വില ഉയര്‍ന്നത്. പെട്രോളിന് 2.76 രൂപ വര്‍ധിച്ചപ്പോള്‍ ഡീസലിന് 2.70 രൂപയും കൂടി.
തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 62 പൈസയുടെയും ഡീസലിന് 59 പൈസയുടെയും വര്‍ധനവ് രേഖപ്പെടുത്തി.
ഇന്നലെയാകട്ടെ പെട്രോളിന് 40 പൈസയും ഡീസലിന് 43 പൈസയും വര്‍ധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 16ന് കമ്പനികള്‍ വില പരിഷ്കരിച്ചശേഷം പിന്നീട് മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് അഞ്ചുദിവസമായി റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നത്.