ന്യൂഡൽഹി: ഡൽഹിയിൽ ഈ മാസം 25 മുതൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ പുകപരിശോധന സർട്ടിഫിക്കറ്റ് കാണിക്കണം.
ഒക്ടോബർ 25 മുതൽ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാണിക്കാതെ വാഹന ഉടമകൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നൽകില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു.
പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു തീരുമാനം.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് വാഹനങ്ങളിൽനിന്നും പുറന്തള്ളുന്ന കാർബൺ ആണെന്ന് മന്ത്രി പറഞ്ഞു.
മലിനീകരണ തോത് കുറയ്ക്കേണ്ടത് അനിവാര്യമായതിനാൽ ഈ മാസം 25 മുതൽ വാഹനത്തിന്റെ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോൾ പമ്പുകളിൽ പെട്രോൾ, ഡീസൽ നൽകില്ല-
മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും ഗോപാൽ റായി കൂട്ടിച്ചേർത്തു.
പിയുസി സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഉടമകൾക്ക് മോട്ടോർ വാഹന നിയമപ്രകാരം ആറ് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.