ചെറായി: ചെറായിലെ പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയിലെ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന.
പ്രതികളില്‍ ഒരാള്‍ ആണ്‍വേഷം കെട്ടിയ യുവതിയാണത്രേ. ഇരുവരും വടക്കന്‍ ജില്ലക്കാരാണ്.
സംഘത്തിലെ യുവാവ് കുന്നംകുളത്തും തൃശൂരും സമാന രീതികളില്‍ നിരവധി പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു.
ചെറായിയിലെ കവര്‍ച്ചയുടെ സിസിടിവി കാമറ ദൃശ്യം കണ്ട മലപ്പുറം പോലീസാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഫോളോ ചെയ്ത് എത്തിയ പോലീസ് ഇന്നലെ നെടുമ്പാശേരി അത്താണിയിലെ ഒരു ടൂറിസ്റ്റ്ഹോമില്‍ നിന്നാണത്രേ ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
യുവാവിനെ കുന്നംകുളം പോലീസും യുവതിയെ മുനമ്പം പോലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
കവര്‍ച്ചക്ക് ശേഷം ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുന്നതിനിടെ ഇടയ്ക്ക് വച്ച് വാഹനം തകരാറിലായതിനെ തുടര്‍ന്നാണ് ഇടക്ക് ടൂറിസ്റ്റ് ഹോമില്‍ തങ്ങിയത്.
മോഷണം നടത്തുന്ന സിസിടിവി ദൃശ്യത്തില്‍ ഒരാളെ മാത്രമെ കാണുന്നുവുള്ളെങ്കിലും മറ്റ് കാമറകള്‍ പരിശോധിച്ചപ്പോള്‍ ഒരു കൂട്ടാളിയും കൂടെ ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചത്.
അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ചെറായി ദേവസ്വം നടയിലെ രംഭ ഫ്യൂവല്‍സിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ഓഫീസിനകത്ത് മേശയില്‍ സൂക്ഷിച്ചിരുന്ന 1.35 ലക്ഷം രൂപയും 12000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.