രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കർശനനടപടികൾ സ്വീകരിക്കുന്നതിന് നിയമഭേദഗതി. മൃഗങ്ങൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾക്കും മറ്റു ക്രൂരകൃത്യങ്ങൾക്കും മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. കൊലപ്പെടുത്തിയാൽ അഞ്ചുവർഷം വരെയാണ് തടവുശിക്ഷ.
ഇതുൾപ്പെടെ 61 ഭേദഗതികളാണ് 1960ലെ മൃഗസംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ മുന്നോട്ടു വയ്ക്കുന്നത്.ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വ്യവസായ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ തയാറാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (ഭേദഗതി) ബില്ലിൽ ഡിസംബർ ഏഴുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. കരട് അന്തിമമായാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
മൃഗങ്ങൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ, അവയവങ്ങൾ ഛേദിക്കൽ, മുറിവേൽപ്പിക്കൽ, മാരകമായ മരുന്നുകൾ കുത്തിവയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന ക്രൂരകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി.
ദാരുണമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് 50,000 മുതൽ 75,000 രൂപ വരെ അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് മജിസ്ട്രേറ്റിനു പിഴ ഈടാക്കാം.
മൃഗങ്ങളെ വളർത്തുന്നവർ പ്രധാനമായും അഞ്ചു കാര്യങ്ങൾ ഉറപ്പാക്കണമെന്നും കരട് ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
- വളർത്തുമൃഗങ്ങളെ വിശപ്പ്, ദാഹം, പോഷകാഹാരക്കുറവ് എന്നിവയുണ്ടാകാതെ സംരക്ഷിക്കണം.
- അസ്വസ്ഥയുള്ളചുറ്റുപാടുകളിൽ പാർപ്പിക്കരുത്
- വേദന, അസുഖങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് ആവശ്യമായ ചികിത്സ നൽകണം
- മൃഗങ്ങളെ മർദിച്ചും പീഡിപ്പിച്ചും പെരുമാറ്റശീലങ്ങളും അഭ്യാസങ്ങളും പരിശീലിപ്പിക്കരുത്
- മൃഗങ്ങളെ പേടിയും സമ്മർദവും കൂടാതെ ജീവിക്കാൻ അനുവദിക്കണം
*ഉടമസ്ഥരില്ലാത്ത തെരുവുമൃഗങ്ങളുടെ സംരക്ഷണ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിനായിരിക്കും. വന്യജീവി സംരക്ഷണ നിയമത്തിൽ നിർവചിച്ചിരിക്കുന്ന വന്യമൃഗങ്ങളെ തെരുവുമൃഗങ്ങളായി പരിഗണിക്കാൻ കഴിയില്ലെന്നും കരട് ഭേദഗതി വ്യക്തമാക്കുന്നു.