രജനികാന്ത്-വിജയ് സേതുപതി കൂട്ടുകെട്ടിലൊരുങ്ങുന്ന കാർത്തിക് സുബ്ബരാജ് ചിത്രം “പേട്ട’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് പേട്ടയുടെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.
ജനുവരി 10ന് കേരളത്തിലൊട്ടാകെ 200 തീയറ്ററുകളിലാണ് ചിത്രം എത്തുന്നത്. ആരാധകർക്ക് വലിയൊരു സർപ്രൈസ് വരുന്നുണ്ടെന്ന് പൃഥ്വി ഫേസ്ബുക്ക് പേജിൽ ലൈവിലെത്തി പറഞ്ഞിരുന്നു.
താൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെയും നായകനായി എത്തുന്ന നയൻ എന്ന സിനിമയുടെയും വിശേഷങ്ങൾ പൃഥ്വി ലൈവിൽ പറഞ്ഞു. ജനുവരി മധ്യത്തോടെ ലൂസിഫറിന്റെ ചിത്രീകരണം പൂർണമായും പൂർത്തിയാകുമെന്നും ലക്ഷദ്വീപിലാണ് ഇനി ചിത്രീകരണം നടക്കേണ്ടത്, അവിടെ പോകുവാൻ സാധിക്കാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടു പോയതെന്നും പൃഥ്വി പറഞ്ഞു.