എരുമേലി: ഉത്സവത്തിമിര്പ്പിലാണ് എരുമേലി. ലോകത്ത് എവിടെ ചെന്നാലും എരുമേലിയുടെ പെരുമ പറയാൻ ആയിരം നാവുണ്ടാകും.
അതിന്റെ കാരണമാണ് പേട്ടതുള്ളലും ചന്ദനക്കുടവും. രണ്ടും ആരംഭിക്കാൻ മണിക്കൂറുകള് മാത്രം. ഒന്ന് രാത്രിയുടെ സൗന്ദര്യവും മറ്റൊന്ന് പകലിന്റെ ഭക്തിയും.
ഇന്ന് രാത്രിയില് വര്ണ വൈവിധ്യവും കലാമികവുകളും സംഗമിക്കുന്ന ചന്ദനക്കുട ആഘോഷം നാടിന്റെ മതേതര സൗന്ദര്യമായി നിറയുമ്പോള് നാളെ പകല് പേട്ടതുള്ളലിന്റെ തീഷ്ണമായ ഭക്തി ഐതിഹ്യ സ്മരണയായി മാറും.
വന് തീര്ഥാടകത്തിരക്കിലാണ് എരുമേലി. ചന്ദനക്കുടവും പേട്ടതുള്ളലും കാണാന് ജനക്കൂട്ടം എത്തുമെന്നത് മുന്നിര്ത്തി ഗതാഗത ക്രമീകരണങ്ങള് ഉള്പ്പടെ വിപുലമായ സുരക്ഷാനിയന്ത്രണങ്ങളാണ് പോലിസ് ഏര്പ്പെടുത്തിയിരിക്കുന്നത്.
11ന് താലൂക്കില് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്ഷം ആരവങ്ങളില്ലാതെ ചടങ്ങ് മാത്രമായിരുന്നു ശബരിമല സീസണ്.
നൈനാര് മസ്ജിദില് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും. എംപി, എംഎല്എ, ജില്ലാ കളക്ടര്മാര്, എസ് പി ഉള്പ്പടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കും. തുടര്ന്ന് ചന്ദനക്കുട ഘോഷയാത്ര പുറപ്പെടും.
പുലര്ച്ചെയാണ് സമാപിക്കുക. അകമ്പടിയായി വിവിധ കലാ പരിപാടികളുമുണ്ട്. നാളെ രാവിലെ 11ന് പേട്ടതുള്ളല് ആരംഭിക്കും. അമ്പലപ്പുഴ സംഘം ആദ്യവും തുടര്ന്ന് ആലങ്ങാട് സംഘവും പേട്ടതുള്ളല് നടത്തും.
അമ്പലപ്പുഴ സംഘം മുസ്ലിം പള്ളിയെ വലംവച്ച് മുസ്ലിം പ്രതിനിധിയായ വാവരുടെ പ്രതിപുരുഷനെ ഒപ്പം ചേര്ത്താണ് പേട്ടതുള്ളല് നടത്തുക.
വാവരുടെ പ്രതിനിധി അമ്പലപ്പുഴയ്ക്കൊപ്പം പോകുന്നതിനാല് പള്ളിയില് കയറാതെ പുറത്തുനിന്നാണ് ആലങ്ങാട് സംഘം അഭിവാദ്യങ്ങള് അര്പ്പിക്കുക.