കോട്ടയം: നഗരസഭയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് തിരികെ രസീതുമായി ഗേറ്റിനു പുറത്തു വന്നവർക്ക് ആദ്യം ലഭിച്ചത് പോലിസിന്റെ പെറ്റി. അനധികൃത പാർക്കിംഗിനുള്ള പിഴയടക്കാനുള്ളതായിരുന്നു പെറ്റി.
തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വലിയ തിരക്കാണ് കോട്ടയം നഗരസഭയിൽ അനുഭവപ്പെട്ടത്. കോവിഡ് മാനദണഡങ്ങൾ പോലും കാറ്റിൽ പറത്തി തിക്കും തിരക്കും വലിയ രീതിയിൽ അനുഭവപ്പെട്ടിരുന്നു.
വിവിധ രാഷ്ട്രീയ കക്ഷികളുടെയും സ്വതന്ത്ര സ്ഥാനാർഥികളും കളം പിടിച്ചപ്പോൾ അവരെത്തിയ വാഹനങ്ങൾ പലതും എംസി റോഡിനു വശങ്ങളിലും നഗരസഭാ കവാടത്തിനു മുന്നിൽ ആകാശപ്പാതയുടെ നിർമാണം നടക്കുന്ന ഇടങ്ങളിലുമാണ് പാർക്ക് ചെയ്തിരുന്നത്.
ഇതിൽ കൂടുതലും ഇരുചക്രവാഹനങ്ങളുമായിരുന്നു.ഗതാഗത തടസമുണ്ടായതിനെ തുടർന്നാണ് ട്രാഫിക് പോലിസ് ഇവിടെയെത്തി അനധികൃതമായി പാർക്ക് ചെയ്തതിനു വാഹനങ്ങളിൽ പിഴ അടക്കാനുള്ള സ്റ്റിക്കർ പതിപ്പിച്ചത്.
ഇന്നലെ രാവിലെ 11 മുതൽ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങിയതോടെ നഗരസഭയുടെ പാർക്കിംഗ് സ്ഥലങ്ങൾ നിറഞ്ഞു. തുടർന്നാണ് പിന്നാലെ വന്നവർ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലും കവാടത്തിനു മുന്നിലുമായി പാർക് ചെയ്തു നാമനിർദേശ പത്രിക സമർപ്പിക്കാൻ ഉള്ളിലേക്ക് പോയത്.
പത്രിക സമർപ്പിക്കാനുള്ളവർക്കു പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളും എത്തിയതോടെയാണ് വാഹനപ്പെരുപ്പമുണ്ടായത്. തുടർന്ന് ഈ വഴി പൂർണമായും അടഞ്ഞു ഗതാഗത തടസമുണ്ടാവുകയായിരുന്നു.
ഇവിടെ വണ്വേ ആയതിനാൽ ആകാശപ്പാതയ്ക്കു താഴെ നഗരസഭയുടെ മുന്നിലെ പാതയിലൂടെയാണ് ശാസ്ത്രി റോഡിൽ നിന്നും എത്തിയിരുന്ന ചെറു വാഹനങ്ങൾ പോസ്റ്റ് ഓഫീസിനു മുന്നിലെ റോഡിലേക്കു കടന്നിരുന്നത്.
ഇന്നലെ ഈ പാതയിൽ ഗതാഗത തടസമുണ്ടായതോടെ ശാസ്ത്രി റോഡിൽനിന്നും എത്തിയവർക്ക് കയറുന്നതിനായി തിരുനക്കര മൈതാനം വഴി കറങ്ങി വരേണ്ടിവന്നു. അനധികൃതമായ പാർക് ചെയ്തിരുന്ന വാഹനങ്ങൾക്കു സ്റ്റിക്കർ പതിപ്പിക്കുന്നതിനായി മണിക്കൂറോളം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഇവിടെ സമയം ചെലവഴിക്കേണ്ടി വന്നു.