തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളിൽ കടകളിലെ പ്രവേശനം സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച പുതിയ നിബന്ധനകൾക്കെതിരേ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നിബന്ധനകൾ മാറ്റില്ലെന്ന ആരോഗ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ലോക്ക്ഡൗണ്‍ ഇളവുകളായി ആരോഗ്യമന്ത്രി സഭയിൽ അവതരിപ്പിച്ചതും ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നിബന്ധനയായി പ്രഖ്യാപിച്ചതും പരസ്പര വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.ബാബുവാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്.
അശാസ്ത്രീയ നിർദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്നതാണിതെന്നും ബാബു ആരോപിച്ചു. നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് കനത്ത പിഴ ഈടാക്കുകയാണ്. സർക്കാർ ഈ നിബന്ധനയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങൾ ആവശ്യമാണെന്നും പോലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നുമായിരുന്നു അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകിയ മന്ത്രി വീണാ ജോർജ് വിശദീകരിച്ചത്. വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരംഗത്തിൽ പടരുന്നത്.
ജനങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ചമതലയാണ്. നിയന്ത്രണങ്ങൾ ഇല്ലാതിരുന്നാൽ കോവിഡ് കേസുകളുടെ എണ്ണം വരും ദിവസങ്ങളിൽ ഇരട്ടിയോ അതിലധികമോ ആകാമെന്നും മന്ത്രി ഓർമിപ്പിച്ചു.
എന്നാൽ പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സർക്കാരിനും പോലീസിനുമെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു. പിണറായി സർക്കാർ പെറ്റി സർക്കാരായി മാറി.
കോവിഡിൽ നട്ടംതിരിയുന്ന ജനത്തെ സർക്കാർ പിഴ ചുമത്തി കൊള്ളയടിക്കുകയാണെന്നും കടക്കെണിയിലായവരെ കൂടുതൽ വലയ്ക്കുകയാണെന്നും ജനങ്ങളെ സർക്കാർ കളിയാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ 50 ശതമാനമാണ്. ബാക്കിയുള്ളവർ കടയിൽ പോകണമെങ്കിൽ 500 രൂപ കൊടുത്ത് ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. എന്തുതരം നിയന്ത്രണമാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.