സ്വന്തംലേഖകന്‍
കോഴിക്കോട് : സംസ്ഥാന പോലീസിനുള്ളിലെ കെടുകാര്യസ്ഥത പരസ്യപ്പെടുത്തിയതിനു തുടര്‍ച്ചയായി അച്ചടക്ക നടപടിക്കു വിധേയനാക്കികൊണ്ട് പോലീസുകാരനെതിരേ ‘നായാട്ട്’.
ലോക്ഡൗണ്‍ പ്രതിസന്ധിയിലും സാധാരണക്കാര്‍ക്കെതിരേ പെറ്റികേസ് ചുമത്താന്‍ പോലീസുകാര്‍ക്കു ക്വോട്ട നല്‍കിയതിനെതിരേ പരസ്യമായി പ്രതികരിച്ചതിനാണു കോഴിക്കോട് സിറ്റി പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനെതിരേ മേലുദ്യോഗസ്ഥര്‍ പിന്തുടര്ന്ന് നടപടി സ്വീകരിക്കുന്നത്.
ഇന്നലെയും അച്ചടക്കനടപടി സംബന്ധിച്ച് ഉമേഷിനു നോട്ടീസ് ലഭിച്ചു. ലിവിംഗ് ടുഗെദറിന്റെ പേരിൽ വരെ വേട്ടയാടലിനു ഇരയായ ഉമേഷിനെ സര്‍വീസില്‍ നിന്നു പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് ആരോപണം.
കൊറോണയുമായി ബന്ധപ്പെട്ട് പെറ്റിക്കേസുകള്‍ പിടിക്കുന്നതിനായി ടാര്‍ഗറ്റ് നല്‍കുന്നുണ്ടെന്നും പോലീസില്‍ ജനാധിപത്യം നിലനില്‍ക്കുന്നില്ലെന്നും പരസ്യപ്പെടുത്തിയതിനാണ് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഉമേഷിനെതിരേ അച്ചടക്കലംഘനം നടത്തിയെന്നു വ്യക്തമാക്കി നോട്ടീസ് നല്‍കിയത്.
ശിക്ഷാനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അഞ്ചുദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്നാണു നിര്‍ദേശിച്ചത്. അല്ലാത്തപക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുഡ്യൂട്ടിക്ക് കോഴിക്കോട് റൂറല്‍ ജില്ലയില്‍ ജോലിയെടുത്ത കോഴിക്കോട് സിറ്റി കണ്ട്രോള് റൂമിലെ എസ്ഐക്കെതിരേ സ്വീകരിച്ച നടപടികളെ കുറിച്ചും ഉമേഷ് വെളിപ്പെടുത്തിയിരുന്നു.
തനിക്കെതിരേ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികളില്‍ ഐജിയ്ക്കും മറ്റും അപ്പീല്‍ സമര്‍പ്പിച്ചിരുന്നതായും പലരും ഉത്തരേന്ത്യക്കാരായതിനാല്‍ മലയാളത്തിലുള്ള അപേക്ഷ വായിക്കാറില്ലെന്നും ഉമേഷ് പരസ്യമാക്കി.
തുടര്‍ന്നാണ് അച്ചടക്ക ലംഘനമാണെന്ന് സ്പെഷല്‍ബ്രാഞ്ച് അസി.കമ്മീഷണര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് എന്ന നിലയില്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണിതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം നഗ്നമായി ലംഘിച്ചെന്നും ബോധ്യപ്പെട്ടുവെന്നാണ് കമ്മീഷണര്‍ ഉമേഷിനയച്ച നോട്ടീസില്‍ വ്യക്തമാക്കിയത്.
പോലീസില്‍ നിര്‍ബന്ധിത ക്വോട്ട സംബന്ധിച്ച് ഇതിനകം നിരവധി വിവാദങ്ങളുണ്ടായിട്ടുണ്ട്. മാസ്ക് വച്ചു പശുവിന് പുല്ലരിയാന്‍ പോയ ആള്‍ക്കെതിരേ വരെ പോലീസ് പെറ്റി അടിച്ചത് വിവാദമായിരുന്നു. ക്വോട്ട നിശ്ചയിക്കാറില്ലെന്നു മേലുദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതിനിടെയായിരുന്നു പെറ്റിക്കു ക്വാട്ടയുണ്ടെന്നു പോലീസില്‍ നിന്നുതന്നെ ഉമേഷ് വെളിപ്പെടുത്തിയ