എടപ്പാൾ: ബസുമായി തട്ടിയതിന്റെ പേരിൽ ഉടമ നേരിട്ട് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ച വാഹനം കാണാതായത് പോലീസിനെ വട്ടംകറക്കി. ശുകപുരം സ്വദേശി വിജയന്റെ പെട്ടിഓട്ടോയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷൻ ഗേറ്റിനു മുന്നിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായത്.
ഞായറാഴ്ച വിജയന്റെ ഓട്ടോ ബസുമായി തട്ടുകയും ചർച്ചയിൽ ഇതിൽ 25,000 രൂപ നഷ്ടപരിഹാരം കൊടുക്കാൻ ബസുകാർ വാശിപിടിക്കുകയും ചെയ്തിരുന്നു.
അത്രയും തുക നൽകാൻ കഴിയില്ലെന്ന് വിജയൻ പറഞ്ഞതോടെ പോലീസ് ഇടപെട്ട് ഓട്ടോ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് പോലീസ് സാന്നിധ്യത്തിൽ പതിനായിരം രൂപയ്ക്ക് സംഭവം അവസാനിപ്പിക്കാൻ തീരുമാനമാവുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ പൈസ എത്തിച്ച് ശേഷം വണ്ടി കൊണ്ടു പോകാം എന്ന വ്യവസ്ഥയിൽ ചാവി സ്റ്റേഷനിൽ ഏൽപിച്ച് ഓട്ടോ ഉടമ മടങ്ങി.
തിങ്കളാഴ്ച പണവുമായി വിജയൻ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ പെട്ടിഓട്ടോ കാണാനില്ലെന്ന വിവരം അറിയുന്നത്. പോലീസ് അന്വേഷണത്തിനിടയിൽ വണ്ടി കുന്നംകുളത്ത് കിടപ്പുണ്ടെന്ന് വിജയന് വിവരം ലഭിച്ചു.
കുന്നംകുളത്ത് എത്തി ചങ്ങരംകുളം പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയും സംഭവത്തിൽ കേസടുക്കുകയും ചെയ്തു.
നിർധന കുടുംബാംഗമായ വിജയന് താൻ നേരിട്ട് ഏൽപ്പിച്ച വാഹനം തിരിച്ച് വാങ്ങാൻ കോടതിയിലും സ്റ്റേഷനിലും കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ.