കോഴിക്കോട്: പെറ്റി കേസുകളില്‍പ്പെട്ട് കോടതിയില്‍ എത്തുന്നവരെ ഒരു വിഭാഗം അഭിഭാഷകര്‍ വലവീശി പണം തട്ടുന്നതായി ആക്ഷേപം. മദ്യപിച്ച് വാഹനമോടിച്ച കേസുകള്‍ ഉള്‍പ്പെടെ കോടതിയില്‍ എത്തുമ്പോള്‍ 500 രൂപ അധികം തന്നാല്‍ മറ്റൊന്നും നിങ്ങള്‍ അറിയണ്ട എന്നുപറഞ്ഞ് ചില അഭിഭാഷകര്‍ പണം വാങ്ങുന്നതായാണ് കോഴിക്കോട് പൂത്തൂർമഠം സ്വദേശിയുടെ ആക്ഷേപം.
ഇതേക്കുറിച്ച് ഹൈക്കോടതിക്കടക്കം പരാതി അയക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
കോടതിക്കുള്ളില്‍ നിങ്ങള്‍ കൂട്ടില്‍ കയറേണ്ടിവരും പിന്നെയും പിഴ ഈടാക്കും എന്നിങ്ങനെയൊക്കെ പറഞ്ഞാണ് അഭിഭാഷകര്‍ ഭീതി വിതയ്ക്കുന്നത്.
കഴിഞ്ഞദിവസം മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ പിഴ അടയ്ക്കാന്‍ വന്നയാളോട് 11,000 രൂപയാണ് അഭിഭാഷകന് ആവശ്യപ്പെട്ടത്. 10,500 രൂപയായിരുന്നു പിഴത്തുക.
പിഴത്തുക വര്‍ധിപ്പിക്കുകയും മേട്ടോര്‍ വാഹനവകുപ്പ് നിയമലംഘനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കുകയും ചെയ്തതോടെ ശരിക്കും കോളടിച്ചത് ‘കാന്‍വാസ്’അഭിഭാഷകര്‍ക്കാണ്.
പലരും രാവിലെ മുതല്‍ തന്നെ സമന്‍സുമായി കോടതിയില്‍ എത്തുന്നവരെ കാത്തിരിപ്പാണ്. ഇന്ന് ജോലിക്ക് പോകാന്‍ കഴിയില്ല, കോടതിയില്‍ കയറിയാല്‍ സമയം വൈകും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില ജൂനിയര്‍ അഭിഭാഷകര്‍ കേസ് പിടിക്കുന്നത്.
ട്രാഫിക് നിയമ ലംഘനം, പൊതു സ്ഥലത്ത് മദ്യപാനം, മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളമുണ്ടാക്കുക തുടങ്ങിയ കേസുകളില്പെടുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. പലരും ആദ്യമായി കോടതിയില്‍ എത്തുന്നവരുമായിരിക്കും.
വിചാരണ തീയതിക്ക് മാസങ്ങള്‍ക്കു മുമ്പുതന്നെ പെറ്റികേസ് പ്രതികള്‍ക്ക് കോടതി സമന്‍സ് അയയ്ക്കും. എന്നാല്‍ ചില പൊലീസുകാര്‍ വിചാരണ ദിവസവും തലേന്നും മാത്രം സമന്‍സ് വീടുകളിലെത്തിക്കുന്ന പതിവുമുണ്ട്.
കോടതി സമന്‍സുകള്‍ വൈകിപ്പിച്ച് വാറണ്ട് ഉത്തരവാക്കിയശേഷം ഭീഷണിപ്പെടുത്തി കക്ഷികളില്‍നിന്ന് വന്‍ തുക വാങ്ങുന്നെന്ന അക്ഷേപവുമുണ്ട്. പെറ്റികേസുകളുടെ എണ്ണം കൂടിയതോടെയാണ് ഇത്തരം തട്ടിപ്പുകളും ഏറിവരുന്നതെന്ന് ഇരയായവര്‍ പറയുന്നു.