കോതമംഗലം: രാമല്ലൂരില്‍ നിര്‍ധന കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ പെട്ടിക്കട തീവച്ചു നശിപ്പിച്ചതായി പരാതി. രാമല്ലൂര്‍ എലവുംപറമ്പില് തണ്ടേല്‍ അനിലിന്റെ ഭാര്യ ശോഭന രാമല്ലൂര്‍ മില്ലുംപടി ഭാഗത്ത് റോഡരുകില്‍ നടത്തുന്ന പെട്ടിക്കടയാണ് അഗ്നിക്കിരയാക്കിയത്. പോലീസിൽ പരാതി നല്കി. ബുധനാഴ്ച രാത്രി ഒന്നോടെയായിരുന്നു സംഭവം.
കടയ്ക്ക് തീപിടിച്ചത് കണ്ട് സമീപവാസിയാണ് അഗ്നി രക്ഷാസേനയെയും ഉടമയെയും വിവരം അറിയിച്ചത്. അഗ്നി രക്ഷാസേന തീയണച്ചെങ്കിലും കടയും സാധനങ്ങളും കത്തിനശിച്ചിരുന്നു.
കോവിഡുമൂലം മറ്റ് പണികള്‍ ഇല്ലാതായതോടെ കുടുംബം പുലര്‍ത്താനായി ആരംഭിച്ച കടയാണ് നശിപ്പിച്ചതെന്ന് ശോഭന പറഞ്ഞു. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഇലക്ട്രോണിക് ത്രാസും സോളാര്‍ ലൈറ്റുമടക്കം കടയോടൊപ്പം അഗ്നിക്കിരയായി. ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുള്ളതായി പറയുന്നു.
ഇതിന് മുമ്പും കട നശിപ്പിക്കാനുള്ള ശ്രമം നടന്നതായും അനില്‍ പറഞ്ഞു. കടയില്‍നിന്ന് സാധനങ്ങള്‍ കടംവാങ്ങിയതിന്റെ പണം ചോദിച്ചപ്പോള്‍ ഒരാള്‍ രണ്ട് മാസം മുമ്പ് മകനെ കടയില്‍നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിനും ശോഭനയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും കോടതിയില്‍ കേസ് നടക്കുന്നുണ്ട്.
കേസ് ഒത്തുതീര്‍പ്പാക്കി പിന്‍വലിക്കാനും ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കട പൊളിച്ചുനീക്കിയില്ലെങ്കില്‍ കത്തിച്ചുകളയുമെന്നു ഭീഷണി മുഴക്കിയിരുന്നതായും ശോഭന കോതമംഗലം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.