അടിമാലി: ലയങ്ങളിൽ നിന്നും രണ്ടു കിലോമീറ്റെർ മുകളിലായാണ് മലയിടിച്ചിലിന്റെ പ്രഭവകേന്ദ്രം.ഇടമലമക്കുടി പരപ്പയർകുടിയിലേക്ക് പോകുന്ന റോഡിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് ഗതിമാറിയൊഴുകി മലമുകളിൽ വെള്ളക്കെട്ടായിമാറുകയും പാറയ്ക്ക് മുകളിലെ ആഴമില്ലാത്ത മണ്ണും കല്ലും ഉൾപ്പെടെ താഴേക്ക് പതിക്കുകയുമായിരുന്നു.
മലമുകളിലുള്ള രണ്ടു ലയങ്ങൾക്കു സമീപത്തുവരെ രണ്ടായി ഒഴുകിയെത്തിയ മലവെള്ളവും മണ്ണും ഇവിടെനിന്നു ഒന്നായി സംഗമിച്ച് താഴെയുള്ള ലയങ്ങൾക്കു മുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
മുകൾ ഭാഗത്ത് ഒരു ചെറിയ പ്രദേശത്തു രൂപം കൊണ്ട മണ്ണിടിച്ചിൽ താഴ്ഭാഗത്തെത്തിയെപ്പോഴേക്കും ഒരുപ്രദേശമാകെ തുടച്ചുനീക്കി.ഏകദേശം നൂറേക്കറോളം സ്ഥലം മണ്ണിടിച്ചലിൽ താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങി.
പെട്ടിമുടിയിൽ ദുരന്തനാളിൽ പെയ്തത് 30.3 സെന്റിമീറ്റർ മഴ
അടിമാലി:രാജമലയുടെ ഭാഗമായ പെട്ടിമുടിയിൽ ദുരന്തനാളിൽ പെയ്തത് 30.3 സെന്റീമീറ്റർ മഴ. സമുദ്ര നിരപ്പിൽനിന്നും 2695 മീറ്റർ ഉയരത്തിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്.
1924 ലും 2018 ലും 2019 ലും ഉണ്ടായ മൂന്നാർ വെള്ളപ്പൊക്കത്തിന് രാജമലയിലെ കനത്ത മഴ ആക്കം കൂട്ടിയതായാണ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞവർഷം ഇതേദിവസം 27.74 സെന്റീ മീറ്റർ മഴയാണ് ഇവിടെ പെയ്തത്.
വരയാടുകളുടെ സങ്കേതമായ ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗവും സംസ്ഥാനത്തെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ പ്രവേശന കവാടവുമാണ് പെട്ടിമുടി.ഇടമലക്കുടി നിവാസികൾക്ക് എത്തിക്കാനുള്ള അരിയും പലചരക്കു സാധനങ്ങളും സൂക്ഷിക്കുന്നത് പെട്ടിമുടിയിലാണ്.
മുൻപ് പെട്ടിമുടി ഭാഗത്തു മുതുവാന്മാരാണ് താമസിച്ചിരുന്നത്.തേയില കന്പനി നടത്തിപ്പുകാരും മുതുവാന്മാരും തമിഴ് തോട്ടം തൊഴിലാളികളും പരസ്പരം മാനവികത കാത്തു സൂക്ഷിച്ച അപൂർവതയുടെ കുന്നുകളായിരുന്നു പെട്ടിമുടി.
പിറന്നാൾ മധുരവും മാഞ്ഞു
മൂന്നാർ:പിതൃസഹോദരന്റെ മകളുടെ പിറന്നാൾ ആഘോഷിക്കാനെത്തിയ യുവാക്കളും അനുജത്തിയോടൊപ്പം ദുരന്തത്തിന്റെ ഇരകളായി.
മൂന്നാർ എംജി കോളനി സ്വദേശികളും സഹോദരങ്ങളുമായ ദിനേശ്കുമാർ(22) നിതീഷ് കുമാർ(19) എന്നിവർ കഴിഞയാഴ്ചയാണ് പിതൃസഹോദരന്റെ മകളായ ലക്ഷശ്രീയുടെ ഒന്പതാം പിറന്നാൾ ആഘോഷിക്കാൻ പെട്ടിമുടിയിലെത്തിയത്.
അനുജത്തിയുടെ പിറന്നാൾ ദിനമായ ഓഗസ്റ്റ് മൂന്നിനാണ് കേക്കുമായി എത്തിയ ഇവർ പിതൃസഹോദരന്റെ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുകയും ചെയ്തു.
വ്യാഴാഴ്ച മടങ്ങാനിരിക്കെയാണ് ഉരുൾപൊട്ടലിൽ കുടുംബം ഒന്നടങ്കം ഒലിച്ചുപോയത്. പിതാവിന്റെ ജ്യേഷ്ഠൻ അനന്തശിവൻ, ഭാര്യ വേൽത്തായി മക്കളായ ഭാരതിരാജ,രേഖ എന്നിവരെയും കാണാതായി. മക്കളെ നഷ്ടമായ ഷണ്മുഖത്തിനും മഞ്ജുളയ്ക്കും സഹോദരകുടുംബത്തിന്റെ വേർപാടുകൂടിയായപ്പോൾ സങ്കടം അടക്കാനാവുന്നില്ല.
ജനപ്രതിനിധികളെത്തി
മൂന്നാർ:സംഭവം നടന്ന് രണ്ടാം ദിവസം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വലിയ നിര തന്നെ സംഭവ സ്ഥലത്തെത്തി.മന്ത്രിമാരായ എം.എം.മണി,ഇ.ചന്ദ്രശേഖരൻ തുടങ്ങിയവർ പെട്ടിമുടിയിലെത്തി അപകടസ്ഥലം സന്ദർശിച്ചു.
ഡീൻ കുര്യാക്കോസ്എംപി, എംഎൽഎ മാരായ എസ്. രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.കെ.ജയചന്ദ്രൻ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി, വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി തുടങ്ങിയവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പി.ജെ. ജോസഫ് എംഎൽഎ മൂന്നാർ ടാറ്റ ടീ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ സന്ദർശിച്ചു.
അതേസമയം ദുരന്തസ്ഥലം കാണാനെത്തുന്നവരുടെ തിരക്കു രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതേത്തുടർന്നു പോലീസിന്റെയും തദ്ദേശഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരക്കു നിയന്ത്രിക്കാൻ പോലീസ് ബുദ്ധിമുട്ടുകയാണ്.