മൂന്നാർ: പെട്ടിമുടിയിൽ പച്ചപ്പ് മൂടി ദുരന്തത്തിന്റെ പാടുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒാർമകളിലെ വേദനയുടെ മുറിപ്പാടുകൾ ഇന്നും ഹൃദയങ്ങളിൽനിന്നു മാഞ്ഞിട്ടില്ല.
70 പേരുടെ ജീവൻ കവർന്നെടുത്ത ദുരന്തം നടന്നിട്ടു രണ്ടു വർഷം തികയുന്ന ഇന്നു പെട്ടിമുടി ഉറ്റവരുടെ ഓർമകളിൽ പ്രാർഥനാമുഖരിതമാകും.
2020 ഓഗസ്റ്റ് ആറിന് രാത്രി 10.30ന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
ഇന്നു പെട്ടിമുടിയിൽ പ്രത്യേക പ്രാർഥനകൾ നടക്കും. മരിച്ചവരെ സംസ്കരിച്ച സ്ഥലത്തു തന്നെയാവും പ്രാർഥനാ ചടങ്ങുകൾ.
കെഡിഎച്ച്പി കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്തു സ്മരണാഞ്ജലി അർപ്പിക്കും. രാവിലെ ഒൻപതിന് എല്ലാ എസ്റ്റേറ്റുകളിലും തൊഴിലാളികളുടെ നേതൃത്വത്തിൽ മൗനപ്രാർഥനയുണ്ടാകും.
രാജമല സെന്റ് തെരേസാസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് പരേതർക്കു വേണ്ടി ദിവ്യബലി അർപ്പിക്കും.പ്രതികൂല കാലാവസ്ഥയാണെങ്കിലും മരിച്ചവരുടെ വിദൂരത്തുള്ള ബന്ധുക്കളിൽ ചിലരെങ്കിലും പ്രാർഥനകൾക്കായി എത്തുമെന്നാണ് കരുതുന്നത്.
ഒരു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിൽനിന്ന് ആർത്തലച്ച് എത്തിയ മലവെള്ളപ്പാച്ചിലിൽ എസ്റ്റേറ്റിലെ നാലു ലയങ്ങളാണ് മണ്ണടിഞ്ഞത്.
അവിടെയുണ്ടായിരുന്ന ലേബർ ക്ലബും കാന്റീനും തകർന്നു. കെട്ടിടങ്ങൾ നിന്ന സ്ഥലം പാറകളും മണ്ണും മൂടി ദുരന്ത സ്മാരകമായി.
ഒരു മാസത്തോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കു സമാനതകളില്ലായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയോടൊപ്പം മുന്നൂറിലധികം സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
കാണാതായ 70 പേരിൽ 66 പേരെയും 20 ദിവസംകൊണ്ടു കണ്ടെത്തി. എന്നാൽ, നാലു പേരെ കണ്ടെത്താനായില്ല. അവരുടെ നാലു കുടുംബങ്ങളുടെ കണ്ണീർ ഇന്നും തോർന്നിട്ടില്ല.