മൂന്നാർ: തോരാത്ത നോവിന് ഇന്ന് നാലാണ്ട്… 2020 ഓഗസ്റ്റ് ആറ്, രാത്രി 10.30ന് മലയുടെ ഉയരങ്ങളിൽനിന്നും പൊട്ടി ഇറങ്ങിയ ഉരുൾപൊട്ടൽ ഏൽപ്പിച്ച ആഘാതം നാലു വർഷങ്ങൾ പിന്നിടുന്പോഴും ദുരന്തസ്മരണകൾ മല ഇറങ്ങാത്ത പെട്ടിമുടി. 70 പേരുടെ പ്രതീക്ഷകളും ജീവനും മണ്ണിൽ അടിഞ്ഞതിന്റെ ദുരന്തസ്മരണകൾ തൊഴിലാളികളുടെ മനസിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല.
ദുരന്തം നടന്ന സ്ഥലം വലിയ ഒരു അത്യാഹിതം നടന്നതിന്റെ ഭാവമൊന്നുമില്ലാതെ കാടുകയറി പച്ചപ്പ് പിടിച്ചെങ്കിലും ദുരന്ത സ്മരണകൾ തൊഴിലാളികളുടെ മനസിൽ വേദനയായി ഇന്നും നിലനിൽക്കുന്നുണ്ട്.മൂന്ന് എസ്റ്റേറ്റ് ലയങ്ങളും ഒരു ലേബർ കാന്റീൻ കെട്ടിടവും ലേബർ ക്ലബ്ബ് കെട്ടിടവും ഉൾപ്പെടെ തകർന്നു തരിപ്പണമായ സ്ഥലത്ത് പിന്നീട് നിർമാണങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇന്ന് ഇവിടം കാടുപിടിച്ച് പച്ചപ്പ് പടർന്നു കഴിഞ്ഞു.
ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കൾ എല്ലാവരും മറ്റ് എസ്റ്റേറ്റുകളിലേക്ക് ചേക്കേറി. ഇന്നു പെട്ടിമുടിയിൽ ജോലി ചെയ്യുന്നവരിൽ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്.
ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട് ജീവൻ ബാക്കിയായ എട്ടുപേർക്ക് കുറ്റിയാർവാലിയിൽ സർക്കാർ ഭൂമിയിൽ തോട്ടം ഉടമ എട്ടു വീടുകൾ നിർമിച്ചു നൽകി. പെട്ടിമുടിക്ക് സമീപമുള്ള രാജമലയിൽ മരണമടഞ്ഞവരെ സംസ്കരിച്ച സ്ഥലം വേദന നിറഞ്ഞ ഓർമകളുടെ ഒരു തുരുത്താണ്.
പെട്ടിമുടിയുടെ ഓർമദിനത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ബന്ധുക്കൾ എല്ലാം പ്രാർഥനയ്ക്കായി ഇവിടെ എത്താറുണ്ട്. ദുരന്തബാധിതരായ വ്യക്തികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള നടപടികൾ സർക്കാരും കന്പനിയും അതിവേഗത്തിലാണ് പൂർത്തിയാക്കിയത്. ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ വലിയ ആരോപണങ്ങളോ പരാതികളോ ഉയർന്നിട്ടില്ല.