മുക്കം: ഭിന്നശേഷി യുവാവിന് നഗരസഭാധികൃതരുടെ സഹായ ഹസ്തം. നഗരസഭ അനുവദിച്ച മുപ്പതിനായിരം രൂപയും നാട്ടുകാർ സമാഹരിച്ച തുകയും ഉപയോഗിച്ചാണ് ചേന്ദമംഗല്ലൂരിൽ പെട്ടിക്കടയൊരുക്കിയത്. 23 വർഷങ്ങൾക്ക് മുൻപ്, കവുങ്ങിൽ നിന്ന് വീണതിനെ തുടർന്നാണ് ഷമീറിന് ചലനശേഷി നഷ്ടപ്പെട്ടത്.
ഷമീർ കുഞ്ഞായിരിക്കുമ്പോൾ ഉപ്പ മരിച്ചു. ഉപ്പയെ കണ്ട ഓർമ ഷമീറിനില്ല. കുടുംബത്തിന്റെ ഭാരം ചുമലിലായപ്പോൾ പത്താം വയസ് മുതൽ വിവിധ ജോലികൾക്ക് പോയി. പതിനാലാം വയസിൽ കവുങ്ങിൽ നിന്ന് വീണ് കിടപ്പിലായി. ഉമ്മയും ഭാര്യയും ഭിന്നശേഷിക്കാരാണ്. ആറു മാസം മുൻപായിരുന്നു ഷമീറിന്റെ വിവാഹം. ഭിന്നശേഷിക്കാർക്കായി മുക്കം നഗരസഭ നടത്തിയ ഗ്രാമസഭയിലാണ് നഗരസഭാ അധികൃതർ ഷമീറിന്റെ ദുരിതമറിഞ്ഞത്.
ഷമീർ ഉൾപ്പെടെ നാലു പേർക്കാണ് ഈ വർഷം സഹായം നൽകുന്നത്. മറ്റു മൂന്ന് പേർക്കുള്ള സ്വയം സ്ഥാപനങ്ങളുടെ പ്രവൃത്തി നടന്നു വരികയാണ്. ഷമീറിന്റെ കട നഗരസഭാ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുക്കം നഗരസഭ. ഇതിനായി മുക്കം നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി 14 ന് മസ്റ്ററിങ് നടത്തും. 20 ലക്ഷം രൂപയാണ് ഈ വർഷം ഭിന്നശേഷിക്കാർക്കായി നഗരസഭ മാറ്റി വച്ചിട്ടുളളത്.