ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) പെൻഷൻകാർക്ക് ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ്) കോർപറേഷന്റെ ചികിത്സാസഹായം ലഭ്യമാക്കും. ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഇപിഎഫ്ഒ കേന്ദ്രട്രസ്റ്റിമാരുടെ യോഗം തീരുമാനിച്ചു. എട്ടുകോടിയോളം അംഗങ്ങളാണ് ഇപിഎഫ്ഒയിൽ ഉള്ളത്.
അസംഘടിത മേഖലയിലെ 61 ലക്ഷത്തിലേറെപ്പേരെക്കൂടി പിഎഫ് ആനുകൂല്യങ്ങൾക്ക് അർഹരാക്കാനുള്ള ശിപാർശ ട്രസ്റ്റിമാർ അംഗീകരിച്ചു. ആംഗൻവാടികളിലെ ആയമാരും സഹായികളുമടക്കം 24 ലക്ഷം പേരും സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ജോലിക്കാരായ 25.5 ലക്ഷം പേരും പത്തു ലക്ഷം ആശാ വർക്കർമാരുമാണ് പിഎഫ് പരിധിയിലാകുക.
ഇവർ അടയ്ക്കേണ്ട വിഹിതം ശന്പളത്തിന്റെ പത്തു ശതമാനമാക്കി കുറയ്ക്കാൻ ട്രസ്റ്റിമാർ ശിപാർശ ചെയ്തു. സാധാരണ തൊഴിലാളികൾ 12 ശതമാനമാണ് അടയ്ക്കേണ്ടത്.ഇവരുടെ വിഹിതംകൂടി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടയ്ക്കണമെന്നു യോഗത്തിൽ തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.ഇവരെ പിഎഫിൽ ഉൾപ്പെടുത്താൻ കേന്ദ്രഗവൺമെന്റ് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.
പിഎഫ് വിഹിതം പിരിക്കുന്നതിനും ജീവനക്കാർക്കു പണം നൽകുന്നതിനും സ്വകാര്യബാങ്കുകളെക്കൂടി ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു.ഇപിഎഫ്ഒ ആനുകൂല്യങ്ങൾക്കുള്ള ശന്പളപരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയാക്കാനുള്ള ശിപാർശ വ്യാഴാഴ്ചത്തെ യോഗം പരിഗണിച്ചില്ല. തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ അധ്യക്ഷത വഹിച്ചു