ന്യൂഡൽഹി: എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്ഒ) അംഗങ്ങളായവർ സ്ഥാപനം മാറുന്പോൾ അക്കൗണ്ട് നിർത്തുന്ന രീതിയിൽ മാറ്റം വരുത്തും. ജീവനക്കാർ മാറുന്പോൾ പ്രത്യേകം അപേക്ഷയുടെ ആവശ്യമില്ലാതെതന്നെ പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്കു മാറും.
ഇതു സംബന്ധിച്ച നടപടികൾ സെപ്റ്റംബർ മുതൽ നിലവിൽ വരുമെന്ന് ചീഫ് പിഎഫ് കമ്മീഷണർ വി.പി. ജോയി പറ ഞ്ഞു. പുതിയ പരിഷ്കാരം അനുസരിച്ച് രാജ്യത്തുള്ള ഏതു തൊഴിൽ സ്ഥാപനത്തിലേക്കും ജീവനക്കാർ മാറിയാൽ അപേക്ഷ നൽകാതെതന്നെ മൂന്നു ദിവസത്തിനകം പിഎഫ് അക്കൗണ്ടും മാറുമെന്നാണ് വി.പി. ജോയി പറഞ്ഞത്.
സ്ഥാപനം മാറുന്പോൾ പിഎഫ് അക്കൗണ്ടും പുതിയ സ്ഥാപനത്തിലേക്ക് പ്രത്യേക അപേക്ഷയില്ലാതെ മാറണമെന്നത് ജീവനക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിൽ ഒരാൾ മറ്റൊരു സ്ഥാപനത്തിലേക്കു മാറുന്പോൾ പിഎഫ് അക്കൗണ്ട് പഴയ സ്ഥാപനത്തിന്റെ വിലാസത്തിലാണ് നിലനിന്നിരുന്നത്.
പുതിയ സ്ഥാപനത്തിലേക്കു പിഎഫ് അക്കൗണ്ട് മാറ്റുന്നതിനു പ്രത്യേക അപേക്ഷ നൽകി സങ്കീർണമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. ഇതിനാൽത്തന്നെ പലരും പഴയ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ കാലാവധി എത്താതെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് വർധിച്ചപ്പോഴാണ് ഇതെങ്ങനെ ഒഴിവാക്കാമെന്ന് ഇപിഎഫ്ഒ ആലോചിച്ചു തീരുമാനമെടുക്കുന്നത്.
ആധാറുമായി ബന്ധിപ്പിച്ചാണു പിഎഫ് പുതിയ പരിഷ്കാരം ഏർപ്പെടുത്തുന്നത്. എല്ലാ പിഎഫ് അക്കൗണ്ടുകളും ആധാറുമായി ലിങ്ക് ചെയ്യണം. ഇതോടെ രാജ്യത്ത് എവിടെ ജോലിക്കു പോയാലും പ്രശ്നമില്ല. അക്കൗണ്ട് ക്ലോസ് ചെയ്യുകയോ പുതിയത് തുറക്കുകയോ വേണ്ട. മൂന്നു ദിവസത്തിനകം പുതിയ സ്ഥാപനത്തിലേക്കു പിഎഫ് അക്കൗണ്ട് മാറുന്ന രീതിയിലാണ് മാറ്റം കൊണ്ടുവരുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായെന്നാണ് വിവരം.
പിഎഫ് പെൻഷൻ കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനുശേഷം മുഴുവൻ പെൻഷൻ നൽകാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും വി.പി.ജോയി പറഞ്ഞു. പെൻഷൻ കമ്യൂട്ട് ചെയ്തവർക്കു കമ്യൂട്ടേഷൻ തുക പൂർണമായി പിടിച്ചുകഴിഞ്ഞാലും മരണംവരെ പെൻഷൻതുക പിടിക്കുന്നതായിരുന്നു നിലവിലെ രീതി. ഇതുമാറ്റുന്ന കാര്യമാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.