ലണ്ടൻ: പ്രഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ പ്രകടനമാണു താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
സഹതാരങ്ങളായ കെവിൻ ഡിബ്രൂയിൻ, ജോണ്‍ സ്റ്റോണ്‍സ്, ആഴ്സണലിന്റെ മാർട്ടിൻ ഒഡെഗാർഡ്, ബുകായോ സാക്ക, മുൻ ടോട്ടൻഹാം താരമായ ഹാരി കെയ്ൻ എന്നിവരെ പിന്തള്ളിയാണു ഹാളണ്ട് ഒന്നാമതെത്തിയത്.
53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണു താരം കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. സിറ്റിയുടെ ട്രെബിൾ നേട്ടത്തിനു പിന്നിലെ പ്രധാന ശക്തിയും ഹാളണ്ടായിരുന്നു.
ആസ്റ്റണ്‍ വില്ല സ്ട്രൈക്കർ റേച്ചൽ ഡാലിക്കാണു പിഎഫ്എയുടെ വനിത പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. ആഴ്സണലിന്റെ ബുകായോ സാക്കയും ചെൽസിയുടെ ലോറണ്‍ ജെയിംസുമാണു യംഗ് പ്ലെയേഴ്സ്.