കോട്ടയം: നിഗൂഢവും ഭീതിപടർത്തുന്നതുമായ പ്രവർത്തനത്തിന്റെ പേരിൽ തുടക്കംമുതൽ പ്രതിക്കൂട്ടിലായ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട്.
കേരളത്തിൽ കുപ്രസിദ്ധമായിരുന്ന എൻഡിഎഫ് ആണ് പോപ്പുലർ ഫ്രണ്ട് രൂപീകരണത്തിനു ചുക്കാൻ പിടിച്ചതെന്നു പറയാം.
കേരളത്തിലെ എന്‍ഡിഎഫും കര്‍ണാടകയിൽ പ്രവർത്തിച്ചിരുന്ന ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പസാരൈ തുടങ്ങിയ സംഘടനകളും ലയിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ പിറവി. 2006 നവംബറിലായിരുന്നു തുടക്കം.
കേരളത്തിലെ എൻഡിഎഫ് പേരുമാറി പോപ്പുലർ ഫ്രണ്ട് ആവുകയായിരുന്നു. എന്നാൽ, പ്രവർത്തന ശൈലി എൻഡിഎഫിന്റേതു തന്നെയായിരുന്നു.
അതിന്റെ തെളിവ് എന്നവണ്ണം പിൽക്കാലത്തു കേരളത്തെ നടുക്കിയ പല കൊലപാതകക്കേസുകളിലും പ്രതിസ്ഥാനത്തു പോപ്പുലര്‍ ഫ്രണ്ട് വന്നു.
കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ സംഘടനയുടെ ചോരക്കളികൾ. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ അക്രമസംഭവങ്ങളിലൂടെ പോപ്പുലർ ഫ്രണ്ട് വാർത്തകളിൽ നിറഞ്ഞു.
എൻഡിഎഫ് രൂപം മാറുന്നു
സിപിഎമ്മിനെ പ്രതിരോധിക്കാൻ നാദാപുരം കേന്ദ്രീകരിച്ച് ആരംഭിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീടു നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്(എന്‍ഡിഎഫ്) എന്ന പേരില്‍ തീവ്രനിലപാട് പുലർത്തുന്ന പ്രസ്ഥാനമായി മാറിയത്.
രാഷ്ട്രീയകൊലപാതകങ്ങൾക്കു കുപ്രസിദ്ധമായ കേരളത്തിൽ എൻഡിഎഫും ഒട്ടും മോശമായില്ല. കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ എൻഡിഎഫിന്റെ പ്രവർത്തകരും കൊല്ലപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ആയപ്പോഴും ഈ രീതിക്കു മാറ്റമൊന്നുമുണ്ടായില്ല.
കൊലക്കേസുകളിൽ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ കേരളത്തിൽ നടന്ന മൂന്നു കൊലപാതകങ്ങളെക്കുറിച്ചും അധ്യാപകന്റെ കൈവെട്ടിയ കേസിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം, വയലാര്‍ നന്ദുവധം, പാലക്കാട് സഞ്ജിത് വധം എന്നിവയാണ് നിരോധന ഉത്തരവില്‍ പ്രത്യേകം പരാമർശിക്കുന്ന കൊലപാതകങ്ങൾ.
കൈവെട്ടി വാർത്തകളിൽ
കേരളത്തിലും താലിബാൻമോഡൽ ചുവടുറപ്പിക്കുന്നതിന്റെ തെളിവായിരുന്നു അധ്യാപകന്റെ കൈവെട്ടിയ കേസ്. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രഫ ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്.
അദ്ദേഹം തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദ വന്നു എന്നാരോപിച്ചായിരുന്നു നിഷ്ഠുരആക്രമണം.
പള്ളിയിൽ പോയി മടങ്ങുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് അക്രമികള്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
പ്രതികൾ പോപ്പുലർ ഫ്രണ്ട് ആണെന്നു വളരെപ്പെട്ടെന്നു തന്നെ പോലീസ് കണ്ടെത്തി. ലോക്കല്‍ പോലീസാണ് അന്വേഷിച്ചത്.
തീവ്രസ്വഭാവം കണക്കിലെടുത്തു പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. 37 പ്രതികളെ വിചാരണചെയ്തു. 13 പേര് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.
എന്നാല്‍, കേസിലെ ഒന്നാം പ്രതി സവാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ സാധാരണക്കാർക്കിടയിൽ ഭീതി പരത്തുന്ന പ്രസ്ഥാനമായി പോപ്പുലർ ഫ്രണ്ട് മാറി. ഇതുകൊണ്ടും കൊലപാതക പരന്പരകൾ അവസാനിച്ചില്ല.
അഭിമന്യുവിന്റെ വധം
2018 ജൂലൈ രണ്ടിനു പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കോളജ് വളപ്പില്‍ കുത്തിക്കൊല്ലുകയായിരുന്നു.
ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകത്തിനു പിന്നിൽ. പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ.
30 പേരായിരുന്നു പ്രതിപ്പട്ടികയിൽ. 15 പേര്‍ക്കു കൃത്യത്തില്‍ നേരിട്ടു പങ്കുണ്ടെന്നു കുറ്റപത്രം പറയുന്നു. കേസിൽ വിചാരണ തുടരുകയാണ്. പല പ്രതികളും ജാമ്യത്തിലാണ്.
നന്ദുകൃഷ്ണ വധം
കേരളത്തെ നടുക്കിയ കൊലപാതകമാണ് നന്ദുകൃഷ്ണ വധം. 2021 ഫെബ്രുവരി 24ന് ആലപ്പുഴ വയലാറിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്.
എസ്ഡിപിഐ- ആര്‍എസ്എസ് സംഘടനകൾ പരസ്പരം വെല്ലുവിളിച്ചു നടത്തിയ മാർച്ചിനു പിന്നാലെയായിരുന്നു കൊലപാതകം.
നന്ദുകൃഷ്ണയെ വീടിനു സമീപം വെട്ടിക്കൊല്ലുകയായിരുന്നു. 25 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.
സഞ്ജിത് വധം
ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു പാലക്കാട് സഞ്ജിത് വധം. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് വെട്ടിക്കൊന്നത്. 2021 നവംബര്‍ 15നായിരുന്നു സംഭവം. 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
ബിപിന്‍ വധം
തിരൂരിൽ ആര്‍എസ്എസ് പ്രാദേശിക നേതാവായ ബിപിനെ 2017 ഓഗസ്റ്റ് 24നാണ് കൊലപ്പെടുത്തിയത്. തൃപ്രങ്ങോട്ടെ റോഡരികില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു ബിപിന്‍. ഫൈസൽ വധത്തിന്റെ പ്രതികാരമായിരുന്നു ഈ കൊലപാതകമെന്നു കരുതുന്നു. കേസില്‍ 15 പ്രതികളുണ്ടായിരുന്നു.
നൗഷാദ് വധം
കോൺഗ്രസ് പ്രവർത്തകരും പോപ്പുലർ ഫ്രണ്ടിന്റെ ചോരക്കളിക്ക് ഇരയായിട്ടുണ്ട്. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന നൗഷാദിനെ 2019 ജൂലൈ 30നാണ് വെട്ടിക്കൊന്നത്.
വിശാൽ വധം
തെക്കൻ മേഖലയിലേക്കും പോപ്പുലർ ഫ്രണ്ടിന്റെ കൊലപാതകരാഷ്ട്രീയം കടന്നുവരുന്നതിന്റെ നേർച്ചിത്രമായിരുന്നു വിശാൽവധം.
2012 ജൂലൈയിലാണ് ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായ വിശാല്‍കുമാര്‍ കൊല്ലപ്പെട്ടത്. കോളജിലുണ്ടായ എബിവിപി-കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിന്റെ ബാക്കിപത്രമായിരുന്നു ഈ കൊലപാതകം.
ബിജേഷ് വധം
2009 ഒക്ടോബറിലാണ് കുന്നംകുളത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന ബിജേഷ് കൊല്ലപ്പെട്ടത്. ഈ കേസിലും പ്രതിസ്ഥാനത്തു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു. ഇതുകൂടാതെ വേറെയും നിരവധി സംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രതിസ്ഥാനത്ത് ഉണ്ട്.
ഉടൻ തിരിച്ചടി
അടുത്ത കാലത്തായി ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്കകം അതേ നാണയത്തിലോ അതിനേക്കാൾ ഭീകരമായോ തിരിച്ചടിക്കുന്ന രീതിയാണ് പോപ്പുലർ ഫ്രണ്ട് പുലർത്തിയിരുന്നത്.
2022 ജനുവരിയിൽ ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ കൊല്ലപ്പെട്ടു മണിക്കൂറുകൾക്കകം ബിജെപി നേതാവ് രൺജീത്തിനെ അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു.