കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ക്ക് കാര്യമായ ശേഷിയില്ലെന്ന് പുതിയ പഠനം.
കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു.
18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു ശേഖരിച്ച 25,80,021 സാമ്പിളുകള്‍ ഉപയോഗിച്ച് 2020 ഡിസംബര്‍ ഒന്നു മുതല്‍ 2021 മേയ് 16 വരെയായിരുന്നു ആദ്യഘട്ട പഠനം.
തുടര്‍ന്ന് മേയ് 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കാലയളവില്‍ 3,58,983 പേരില്‍നിന്ന് ശേഖരിച്ച 8,11,624 സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി.
കോവിഡ് ബാധിക്കും മുമ്പ് വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കോവിഡ് ബാധിച്ചശേഷം വാക്സിനെടുത്തവര്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി.
രണ്ടു ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിക്കുമ്പോള്‍ മികച്ച പ്രതിരോധശേഷി ലഭിക്കും. എന്നാല്‍ രണ്ടുഡോസ് ആസ്ട്രസെനക്ക വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ ഫൈസറിന്റെ പ്രതിരോധശേഷിയില്‍ കുറവു വരുമെന്നും പഠനത്തില്‍ കണ്ടെത്തി.