സ്വന്തം ലേഖകൻ
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങൾ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോർട്ട്.
സമീപകാലത്ത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ നടത്തിയ ഹർത്താലിനെക്കാൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന ഹർത്താലുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസി ബസുകൾക്ക് നേരെ നടന്ന കല്ലേറ് ഒളിയാക്രമണമാണ്. 70 ബസുകളാണ് തകർത്തത്.
സാധാരണ ഹർത്താലിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളും ആംബുലൻസുകൾ പോലും ആക്രമിക്കപ്പെട്ടു.
ഓരോ ജില്ലകളിലെയും ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ അരങ്ങേറിയത്. ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടത്തിയ ശേഷം മടങ്ങി പോവുകയായിരുന്നു.
എന്നാൽ, അക്രമിസംഘങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ കൂടുതൽ പ്രവർത്തകരെത്തി ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യും.
നാറാത്ത് എൻഐഐ കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് കണ്ടെത്തിയ ആക്രമണ രീതികളും ഇന്നലത്തെ ഹർത്താലിൽ നടന്നതായും റിപ്പോർട്ടുണ്ട്.
പെട്രോൾ ബോംബുകൾ മുൻകൂട്ടി തയാറാക്കിയതായും പറയുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ സംഘടിക്കുന്ന പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിലാണ് ആക്രമണത്തിന് പുറപ്പെടുന്നതെന്നും ആക്രമണ ശേഷം തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഇവർ തിരികെയെത്തുന്നതായും പോലീസ് പറയുന്നു.
ഹർത്താൽ ദിനവുമായി ബന്ധപ്പെട്ട് ഇന്നലെ 157 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.170 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.