കൊച്ചി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ് ) തടഞ്ഞുവച്ചതില്‍ മനംനൊന്ത് കൊച്ചിയിലെ പിഎഫ് ഓഫീസിലെത്തി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാന്‍സര്‍ രോഗി മരിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോളോ ടയേഴ്സിലെ മുന്‍ കരാര്‍ ജീവനക്കാരന് തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ പി.കെ. ശിവരാമനാണ് (68) ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. 80,000 രൂപയാണ് ശിവരാമന് കിട്ടാനുണ്ടായിരുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ഓടെ കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ഇയാള്‍ മൂത്രപ്പുരയില്‍ കയറി വിഷം കുടിക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദി പിഎഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന് എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
അസ്വഭാവിക മരണത്തിനാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.
വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ശിവരാമന്റെ ആത്മഹത്യ കുറിപ്പില്‍ പിഎഫ് ഓഫീസിലെ ഒരു ജീവനക്കാരനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആ പേരിലുള്ള ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വരും ദിവസങ്ങളിലെ ഓഫീസിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
2012 ല്‍ പിഎഫ് അംഗമായ ശിവരാമന് 2019ലാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. പിന്നാലെ വിരമിക്കല്‍ ആനുകൂല്യത്തിനായി ഇപിഎഫ് ഓഫീസില്‍ അപേക്ഷ നല്കി മാസങ്ങള്‍ കാത്തിരുന്നിട്ടും പണം ലഭിച്ചില്ല. തുടര്‍ന്ന് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഇപിഎഫ് അംഗത്വത്തിനായി ഉപയോഗിച്ച ആധാര്‍കാര്‍ഡിലെയും വിരമിക്കല്‍ ആനുകൂല്യത്തിനായി ഹാജരാക്കിയ അപേക്ഷയ്ക്കൊപ്പമുണ്ടായിരുന്ന പുതുക്കിയ ആധാര്‍ കാര്‍ഡിലെയും ജനന തീയതികള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെന്ന കാര്യം ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
കമ്പനി രേഖയും മറ്റും ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ഉണ്ടായില്ല. ജനനതീയതി തെളിയിക്കുന്ന സ്കൂള്‍ രേഖ ഹാജരാക്കാനാണ് ഒടുവില്‍ ആവശ്യപ്പെട്ടത്.
മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച ശിവരാമന് ഇതിനായി സ്കൂളിലെത്തിയെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖ കണ്ടെടുക്കാനായില്ല. നാലു വര്‍ഷം മുമ്പ് കാന്‍സര്‍ രോഗബാധിതനായതോടെ ചികിത്സയ്ക്കും വലിയ തുകവേണ്ടിവന്നിരുന്നു. പല തവണ പിഎഫ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും പ്രശ്നപരിഹാരം ലഭിക്കാതെ വന്നതോടെയാണ് ചൊവ്വാഴ്ച പോക്കറ്റില്‍ വിഷക്കുപ്പി ഒളിപ്പിച്ച് പിഎഫ് ഓഫീസിലേക്ക് കയറിച്ചെന്ന ശിവരാമന് വിഷം കഴിച്ചത്.