തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം നാലാം ദിവസത്തിലേക്ക് പിന്നിട്ടതോടെ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം ആകെ താളം തെറ്റിയ സ്ഥിതിയിൽ.
മിക്ക മെഡിക്കൽ കോളജുകളിലും വിദഗ്ധചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലായി. ശസ്ത്രക്രിയകൾ മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്.
രോഗികളെ ആശുപത്രിയിൽനിന്ന് തിരിച്ചയക്കുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തുകയാണ്.
രാവിലെ എട്ട് മുതൽ 24 മണിക്കൂർ കോവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നാണ് ഹൗസ് സർജൻമാർ വിട്ടുനിൽക്കുന്നത്.
ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി വിദ്യാർഥികൾ നടത്തിവരുന്ന സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളിൽനിന്നു സർക്കാർ പിൻമാറണമെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു.