തിരുവനന്തപുരം: ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്മേൽ പിജി ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരം ഒത്തുതീർപ്പിലെത്താൻ വഴി തെളിയുന്നു. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പിജി ഡോക്ടർമാർ ഇന്നുമുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് കയറും.
പിജി ഡോക്ടർമാരുടെ സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടക്കുകയാണ്. അത്യാഹിതവിഭാഗം ബഹിഷ്കരണം അഞ്ചു ദിവസം പിന്നിട്ട സാഹചര്യത്തിൽ രോഗികൾക്ക് ഉണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യംകൂടി തങ്ങളുടെ മൃദുസമീപനത്തിന് ഉണ്ടെന്ന് ഡോക്ടർമാരുടെ സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ സമരം കടുപ്പിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലായത്. പലരും ഡോക്ടർമാരെ കാണുന്നതിനുവേണ്ടി പുറത്ത് മണിക്കൂറുകൾ കാത്തിരിപ്പുണ്ടായിരുന്നു. പലരും ചികിത്സ ലഭിക്കാതെ തിരികെ പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു.
ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി അവസാന നിമിഷം വരെ പോരാട്ടം എന്ന സമീപനമാണ് തങ്ങളുടേതെങ്കിലും പാവപ്പെട്ട രോഗികളെ വയ്ക്കുന്ന നടപടികളുമായി അധിക ദിവസം മുന്നോട്ടു പോകാൻ സാധിക്കുകയില്ല എന്നുള്ള നിലപാടുകൂടി ഇവർ സ്വീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായും ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജുമായും ചർച്ച നടക്കുകയുണ്ടായി. പിജി ഡോക്ടർമാരുടെ ശമ്പളവർദ്ധനവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അനുഭാവപൂർവം പരിഗണിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയ സാഹചര്യത്തിലാണ് സമരം കൂടുതൽ കടുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഭാരവാഹികൾ എത്തിച്ചേർന്നത്.
നിലവിൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ കോവിഡ് സെൻസറുകളിൽ സമരം നടത്തുന്നില്ല. ഐ.പി ബ്ലോക്കുകളിലും അത്യാഹിത വിഭാഗങ്ങളിലും ഇന്നുമുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടുകൂടി രോഗികളുടെ ദുരിതത്തിന് ചെറിയൊരു അളവ് പരിഹാരം ഉണ്ടാകും.
അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആയിരത്തോളം പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരുകയാണ്. സമരപ്പന്തലിൽ പ്ലക്കാർഡുകളുമേന്തി ഇവർ ബഹിഷ്കരണം തുടരുന്നുണ്ട്.മാസങ്ങൾക്ക് മുമ്പ് വിവിധ ആവശ്യങ്ങളുന്നയിച്ച് പിജി ഡോക്ടർമാർ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഇവർ സമരരംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്.