തിരുവനന്തപുരം: കുട്ടനാട്ടിലെ കൃഷിയെ തള്ളിയുള്ള വിവാദ പ്രസ്താവനയിൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ തെറ്റ് ഏറ്റുപറഞ്ഞെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. പറയാൻ പാടില്ലാത്ത കാര്യങ്ങളാണു പൊതുവേദിയിൽ പറഞ്ഞതെന്ന് അദ്ദേഹം ഏറ്റു പറഞ്ഞു.
സർക്കാർ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കേണ്ടത്. സർക്കാർ നയത്തിനു വിരുദ്ധമായി ഒരു ഉദ്യോഗസ്ഥനും ഒന്നും പറയാനും പ്രവർത്തിക്കാനും പാടില്ലെന്നും ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.
പി.എച്ച്. കുര്യന്റെ പരസ്യ പ്രസ്താവന വന്ന ശേഷം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്നു താൻ പി.എച്ച്. കുര്യനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിനിടയിലാണു കുര്യൻ തെറ്റുപറ്റിയെന്ന് അറിയിച്ചത്. കൃഷി വ്യാപിപ്പിക്കുമെന്നാണു സർക്കാർ നയം. എൽഡിഎഫിന്റെ പ്രകടന പത്രികയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കുട്ടനാട്ടിലേതു കൃഷിക്കു യോജിച്ച ഭൂമിയല്ലെന്നും കൃഷി നഷ്ടമാകുമെന്നും ടൂറിസത്തിനാണ് ഇവിടെ പ്രമുഖ്യം നൽകേണ്ടതെന്നുമായിരുന്നു പി.എച്ച്. കുര്യന്റെ വിവാദ പ്രസ്താവന.