അജാക്സ് ആംസ്റ്റര്‍ഡാമിന്റെ ഡിഫൻഡറും മാൻചെസ്റ്റര്‍ യുണൈറ്റഡ് മുന്‍താരവുമായ ഡെലി ബ്ലൈന്റ് മൈതാനത്ത് തളര്‍ന്ന് വീണത് ഡെലി ആരാധകരേയും ഫുട്ബോള്‍ പ്രേമികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തി.
കഴിഞ്ഞ ദിവസം അജാക്സും ഹെര്‍ത്താ ബെര്‍ലിനും തമ്മിലുള്ള പ്രീ സീസണ് സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. മുപ്പതുകാരനായ ഡച്ച് ഡിഫന്റര്‍ക്ക് ഡിസംബറില്‍ വലന്‍സിയയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ തലക്കറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയപേശികളില്‍ വീക്കം കണ്ടെത്തിയിരുന്നു.
കരിയർ അവസാനിക്കുകയാണോ എന്നു തോന്നിയിടത്തുനിന്ന് ഏവരെയും അതിശയിപ്പിച്ച് ഫെബ്രുവരിയോടെ കളിക്കളത്തിലേക്കു തിരിച്ചെത്തിയ ഡെലിയെ ഇപ്പോള്‍ മറ്റൊരു ഭയം വേട്ടയാടുന്നു.
അജാക്സ് ടീം 1 – 0 ത്തിന് മുന്നിട്ടു നില്ക്കുന്ന കളിയുടെ 78-ാം മുനിറ്റില് നെഞ്ചത്തു കൈ മുറുകെ അമർത്തി ഡെലി തളര്‍ന്നു വീഴുമ്പോള്‍ സമീപത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ഡെലിയുടെ പ്രശ്നങ്ങൾ അറിയാവുന്ന ടീം അംഗങ്ങളും മെഡിക്കല്‍ സംഘവും നിമിഷങ്ങള്‍ക്കുള്ളില്‍ അടുത്തെത്തി.
ഡെലിയുടെ പേസ്മേക്കറായ ഐസിഡി (ഇംപ്ലാന്ഡബിള് കാര്‍ഡിയോവര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍) ഓഫായി പോയതാണ് കാരണമെന്നു ടീം കോച്ചായ എറിക് ടെന്‍ ഹാഗ് പറഞ്ഞു.
അദ്ദേഹത്തെ ഉടനെ മൈതാനത്തുനിന്നു തിരിച്ചു വിളിച്ചെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇപ്പോള്‍ ഡെലി സുഖമായിരിക്കുന്നുവെന്നും കൂടുതൽ പരിശോധിക്കുമെന്നും കോച്ച് അറിയിച്ചു. മത്സരത്തില്‍ അജാക്സ് ടീം 1-0 ന് വിജയിക്കുകയും ചെയ്തു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ സബ്ക്യൂട്ടേനിയസ് ഇംപ്ലാന്ഡബിള് കാര്‍ഡിയോവര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍ എന്ന ഉപകരണം ഘടിപ്പിച്ചിരുന്നു . ഇത് അസാധാരണമായ ഹൃദയതാളത്തെ നിയന്ത്രിക്കുകയും ഹൃദയ സ്തംഭനത്തെ തടയുകയും ചെയ്യും. ഹൃദയ നിരീക്ഷണത്തിനായുള്ള ഉപകരണം ഘടിപ്പിച്ച്, വീണ്ടും കളിക്കുന്നതിലെ സന്തോഷം ഡെലി നേരത്തെ പങ്കുവച്ചിരുന്നു.
മടങ്ങിയെത്തുന്നതിന് മുമ്പായി ബ്ലൈന്റ് പറഞ്ഞത് ഇങ്ങനെ ‘പിച്ചില്‍ തിരിച്ചെത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ തുടക്കത്തില്‍ ഇത് എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു.
ഡോക്ടര്‍മാര്‍ തടഞ്ഞെങ്കിലും എനിക്ക് എത്രയും പെട്ടന്ന് തിരിച്ചെത്തണമെന്നായിരുന്നു. എനിക്ക് ഒട്ടും പേടിയുണ്ടായിരുന്നില്ല, എത്രയും പെട്ടന്നതു പിച്ചിലേക്കു തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിച്ചു’.
വീണ്ടും ഡെലിയുടെ തിരിച്ചുവരവിനായിള്ള കാത്തിരിപ്പിലും പ്രാര്‍ഥനയിലുമാണ് ഫുട്ബോള്‍ ലേകം. രോഗം സൗഖ്യം നേര്‍ന്നുകൊണ്ട് മാന്‍ചെസ്റ്റര്‍ യുണൈറ്റഡ് എഫ്സി ട്വിറ്ററില്‍ കുറിച്ചിരുന്നു. നിരവധി ഫുട്ബോള്‍ ആരാധകരും സാമൂഹിക മാധ്യമങ്ങളില്‍ ഡെലിക്ക് ആരോഗ്യസൗഖ്യം നേരുന്നുണ്ട്.
ഐസിഡി എന്നാല്‍?
അപകടകരവും അസാധാരണവുമായ ഹൃദയതാളം ഉണ്ടാകുന്ന ആളുകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് ഐസിഡി അഥവാ ഇംപ്ലാന്ഡബിള് കാര്‍ഡിയോവര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍. ഐസിഡി ഒാഫ് ആയി പോയാലും ഉടൻ മരണം സംഭവിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അപകടകരമായ ഹൃദയമിടിപ്പുണ്ടാകുമ്പോള് ഐസിഡി ചെയ്യുന്ന മൂന്ന് പ്രധാന കാര്യങ്ങള്‍;
കാര്ഡിയോവര്ഷന്: ഒന്നോ അധിലധികമോ ചെറു വൈദ്യുതി ആഘാതങ്ങള്‍കൊണ്ട് ഹൃദയമിടുപ്പിനെ സാധാരണ രീതിയില്‍ എത്തിക്കുന്നു.
ഡീഫിബ്രില്ലേഷന്: ഒന്നോ അധിലധികമോ വലിയ വൈദ്യുതി ആഘാതങ്ങള്‍കൊണ്ട് ഹൃദയമിടുപ്പിനെ സാധാരണ രീതിയില്‍ എത്തിക്കുന്നു.
പോസിംഗ്: കുറഞ്ഞ വോള്‍ട്ടേജ് പള്‍സ് ഉപയോഗിച്ച് മിടുപ്പ് സാധാരണഗതിയിലേക്കു മാറ്റുന്നു.
അസാധാരണമായ ഹൃദയമിടിപ്പ് ഉള്ളവര്‍ക്ക് ഐസിഡി ആവശ്യമാണെന്നാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന് പറയുന്നത്.
– കെ.എം.വൈശാഖ്