വടകര: കോവിഡ് പിടിമുറുക്കുന്ന ഇക്കാലത്തും മരുന്നു വിതരണത്തിനു ഫാര്‍മസിസ്റ്റില്ലാതെ ഒരു ആതുരാലയം.
ദിവസം മുന്നൂറിലേറെ രോഗികള്‍ ചികിത്സ തേടി എത്തുന്ന വടകര താഴെഅങ്ങാടി മുകച്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചാലും രക്ഷയില്ല.
മരുന്നു കിട്ടില്ല. അത് നല്‍കേണ്ട ഫാര്‍മസിസ്റ്റ് നാലു ദിവസമായി ലീവിലാണ്. ശാരിരിക അവശത കാരണം 12 ദിവസത്തേക്കാണ് അദ്ദേഹം അവധിയെടുത്തിരിക്കുന്നത്.
അതായത് ഇനിയും ഒരാഴ്ച ഈ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ കൈകൊണ്ടു രോഗികള്‍ക്കു മരുന്ന് കിട്ടില്ലെന്ന് ചുരുക്കം.
ഫാര്‍മസിയില്‍ ആവശ്യത്തിന് മരുന്ന് ഉണ്ടെങ്കിലും രോഗികള്‍ അത് പ്രതീക്ഷിക്കേണ്ട.
ഫാര്‍മസിസ്റ്റ് ലീവായതിനാല്‍ മരുന്ന് വിതരണം ഉണ്ടാവുന്നതല്ലെന്ന ബോര്‍ഡ് വായിച്ച് മിണ്ടാതെ സ്ഥലം വിട്ടുകൊള്ളുകയാണ് ചെയ്യാനുള്ള ഏക കാര്യം.
ഇത്രയേറെ ദിവസം ഫാര്‍മസിസ്റ്റ് അവധിയാകുമ്പോള്‍ പകരം സംവിധാനം ഒരുക്കണമെന്ന ബോധ്യം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത നിന്ന് ഉണ്ടാകുന്നില്ല.
ഫാര്‍മസിസ്റ്റ് ലീവെടുത്ത കാര്യം ഡിഎംഒവിനെ അറിയിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ കേന്ദ്രത്തില്‍ നിന്നു കിട്ടുന്ന വിവരം.
അതോടെ ഉത്തരവാദിത്വം കഴിഞ്ഞു. പനിയും ഛര്‍ദിയും വയറിളക്കവും തലവേദനയും അടക്കമുള്ള രോഗങ്ങളുമായി എത്തുന്നവര്‍ ഡോക്ടര്‍ എഴുതുന്ന കുറിപ്പടിയുമായി ദൂരെ ടൗണിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ പോയി മരുന്നു വാങ്ങണം.
മുമ്പ് രണ്ട് ഫാര്‍മസിസ്റ്റ് ഉള്ളപ്പോള്‍ കാര്യങ്ങള്‍ സുഗമമായി നടന്നിരുന്നു. ഒരാള്‍ സ്ഥലം മാറിയതോടെ ജോലി മുഴുവന്‍ മറ്റെയാളുടെ തലയിലായി. അസുഖം കാരണം ഇദ്ദേഹം അവധി എടുത്തതോടെ നൂറു കണക്കിനു രോഗികള്‍ കഷ്ടത്തിലുമായി.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ഉണ്ടെങ്കിലും ഇത്തരം വിഷയങ്ങള്‍ക്കു പരിഹാരം കാണാനൊന്നും ശ്രമമില്ലെന്ന ആക്ഷേപം ശക്തമാണ്.
ഒഴിച്ചുകൂടാത്ത അവസരങ്ങളില്‍ ഫാര്‍മസിസ്റ്റ് അവധിയില്‍ പോകുമ്പോള്‍ ദിവസ വേതനത്തില്‍ പകരം ആളെ നിയമിക്കാവുന്നതേയുള്ളൂ. ഇതിന്റെ സാധ്യത പോലും ഉപയോഗപ്പെടുത്തുന്നില്ല. പാവം രോഗികള്‍ സഹിക്കുക തന്നെ.