ചാലക്കുടി: വിവിധ ജില്ലകളിൽനിന്ന് നിക്ഷേപത്തിന്റെ ഇരട്ടി തുക വാഗ്ദാനംചെയ്ട് 200 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ ഫിനോമിനൽ കന്പനി ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഫിനോമിനൽ കന്പനിയുടെ പേരിലുള്ള സ്ഥലങ്ങളെല്ലാം വില്പന നടത്താതിരിക്കാൻ മരവിപ്പിച്ചിട്ടുണ്ട്.
പേരാന്പ്രയിൽ 18.5 ഏക്കർ സ്ഥലവും, മഹാരാഷ്ട്രയിലെ മുർബാദിലും മഹാബലേശ്വരിലും 30 ഏക്കർ വീതം സ്ഥലമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം അറസ്റ്റിലായ കന്പനി ഡയറക്ടർമാരായ ജോസഫ് മാളിയേക്കൽ, വിലാസ് നർക്കർ എന്നിവരെ ക്രൈംബ്രാഞ്ച് ഇവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
അഗളിയിലും സ്ഥലമുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനായിട്ടില്ല. ചാലക്കുടിയിൽ ഫിനോമിനൽ കന്പനിയുടെ പേരിലുണ്ടായിരുന്ന കെട്ടിടസമുച്ചയം ആറു കോടി രൂപയ്ക്ക് വില്പനനടത്തി പണം മുംബൈയിലെ കന്പനിയുടെ എംഡി എൻ.കെ.സിംഗിന് അയച്ചുകൊടുത്തത് വിലാസ് നർക്കറായിരുന്നു.
എൻ.കെ.സിംഗ്, കന്പനിയുടെ കേരളത്തിലെ എം.ഡി. റാഫേൽ എന്നിവർ ഉൾപ്പെടെ ആറുപേരെ പിടികിട്ടാനുണ്ട്. പ്രതികൾക്കുവേണ്ടി ക്രൈംബ്രാഞ്ച് സിഐ എം.വി.മണികണ്ഠന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം നടന്നുവരികയാണ്. ഫിനോമിനൽ കന്പനിയിൽ ഡയറക്ടർമാരായശേഷം ഇവർ വാങ്ങിക്കൂട്ടിയ സ്വത്തുക്കളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണംനടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡയറക്ടർമാർ സ്വത്തുക്കൾ മക്കളുടെയും മറ്റും പേരിലാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്.