പത്തനംതിട്ട: ഏനാത്ത് പാലത്തിനുണ്ടായ തകരാറുകൾ പരിഹരിക്കാനായി നടത്തിയ ശ്രമം അബദ്ധമാകുമെന്നു കണ്ടപ്പോൾ അടിയന്തരമായി വകുപ്പുമന്ത്രിക്കു ഫോണ് ചെയ്ത് പണികൾ നിർത്തിവയ്പിച്ച സാങ്കേതിക വിദഗ്ധനെ ഒടുവിൽ സർക്കാരും മറന്നു.
എൻജിനിയർമാരും തൊഴിലാളികളും മാധ്യമ പ്രവർത്തകരും അടക്കം മുപ്പതോളം പേരുടെ ജീവൻ രക്ഷിച്ച സന്ദേശമായിരുന്നു അടൂർ ഫിലിപ്പ് എന്ന മുൻ പിഡബ്ല്യുഡി എൻജിനിയറിൽ നിന്ന് വകുപ്പുമന്ത്രി ജി. സുധാകരന് 2017 ജനുവരി 12ന് ഉച്ചയ്ക്ക് 12.52നു ലഭിക്കുന്നത്.
ഏനാത്തെ പുതിയ പാലത്തിന് 2017 ജനുവരി 10നുണ്ടായ കുലുക്കത്തേ തുടർന്ന് ഗതാഗതം തടഞ്ഞു പരിശോധന നടത്തിയിരുന്നു.
പൊതുമരാമത്ത് സാങ്കേതിക വിദഗ്ധർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാതൊരു മുൻകരുതലുമില്ലാതെ ലിഫ്റ്റിംഗ് തീരുമാനിച്ച ദിവസമായിരുന്നു ജനുവരി 12.
സ്ഥലത്തെത്തിയ അടൂർ ഫിലിപ്പ് സ്വന്തം നിലയിൽ നടത്തിയ പരിശോധനയിൽ ഈ ലിഫ്റ്റിംഗ് അപകടകരമാകുമെന്ന് മനസിലാക്കി.
പാലം ഇപ്പോഴത്തെ നിലയിൽ ഏറെ അപകടസ്ഥിതിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഈ വിവരമാണ് അന്നദ്ദേഹം മന്ത്രിക്കു കൈമാറിയത്.
പാലം ഉയർത്തിയാൽ അത് താഴേക്കു മറിയുമെന്നും അവിടെ നിൽക്കുന്നവർക്കു ജീവഹാനിവരെ സംഭവിക്കാമെന്നും അറിയിച്ചു.
ഫിലിപ്പിനെ നേരത്തെ പരിചയമുണ്ടായിരുന്ന മന്ത്രി സുധാകരൻ അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ച് അന്നത്തെ പണികൾ നിർത്തിവയ്പിക്കുകയും കൂടുതൽ സാങ്കേതികോപദേശം തേടാൻ തീരുമാനിക്കുകയും ചെയ്തു.
മേയ് 18നു പാലം വീണ്ടും ഉയർത്തിയപ്പോൾ ഫിലിപ്പ് പറഞ്ഞതുപോലെ സംഭവിച്ചു. തൂണ് ചെരിയുകയും സ്പാനുകൾ മറിയുകയും ചെയ്തു.
മുൻകരുതലുകൾ സ്വീകരിച്ചതിനാൽ അന്ന് അപകടം ഒഴിവായി. നേരത്തെ മുൻകരുതൽ ഇല്ലാതെ പാലം ഉയർത്താൻ നടത്തിയ ശ്രമം തടഞ്ഞു ഫിലിപ്പ് അന്നു നടത്തിയ ജീവൻരക്ഷാ ഉദ്യമത്തെ എല്ലാവരും അപ്പോൾ തന്നെ മറന്നിരുന്നു.
‘ദീപിക’ അടക്കം മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തെങ്കിലും ഫിലിപ്പിന്റെ സാങ്കേതികോപദേശം അംഗീകരിക്കാൻ പൊതുമരാമത്തിലെ ഉന്നതരിൽ പലരും തയാറായില്ല.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ ജോലിയിലിരിക്കുന്പോൾ തന്നെ അടൂർ ഫിലിപ്പ് എന്ന മങ്കുഴിയിൽ ഒ. ഫിലിപ്പ് വിദേശത്തു നടത്തിയ പഠനങ്ങളും അവിടെ നിന്നു നേടിയ സാങ്കേതിക വൈദഗ്ധ്യവും നാടിനേറെ പ്രയോജനം ചെയ്തു.
അദ്ദേഹം നേടിയ സാങ്കേതിക വൈദഗ്ധ്യങ്ങളുടെ പിൻബലത്തിൽ നിരവധി സർക്കാർ കെട്ടിടങ്ങൾ, കോടതി സമുച്ചയം എന്നിവയുടെ ചോർച്ചകളും പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കപ്പെട്ടു.
സർവീസിൽ നിന്നു വിരമിച്ചതോടെ തന്റെ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾക്കു തുടക്കമിടാൻ ഫിലിപ്പ് ആഗ്രഹിച്ചു.
എന്നാൽ ദുരനുഭവമായിരുന്നു മിച്ചം. കിടപ്പാടം പോലും പണയപ്പെടുത്തിയ അവസ്ഥയിലാണ് ഈ മുൻ എൻജിനിയർ ഇന്നിപ്പോൾ.
തുടർപ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ യാതൊരു നിർവാഹവുമില്ലാത്ത അവസ്ഥയിലാണ് തന്റെ സാങ്കേതികവിദ്യയിൽ നിന്നും സംസ്ഥാനത്തിനുണ്ടായ ലാഭത്തിന്റെ റോയൽറ്റി തേടി അദ്ദേഹം സർക്കാരിനെ സമീപിച്ചത്.
മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതംഗീകരിച്ചു. നിശ്ചിതശതമാനം തുക റോയൽറ്റിയായി അനുവദിക്കുന്നതിൽ തടസമില്ലെന്ന് ധനവകുപ്പും തീരുമാനമെടുത്തു.
പൊതുമരാമത്ത് മന്ത്രിയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. പക്ഷേ ഫയൽ താഴേക്കു നീങ്ങിയില്ലെന്ന് ഫിലിപ്പ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.