മൂലമറ്റം (തൊടുപുഴ): തട്ടുകടയിലെ വാക്കുതർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ മകൻ പ്രാണരക്ഷാർഥമാണ് വെടിവച്ചതെന്നു ഫിലിപ്പ് മാർട്ടിന്റെ അമ്മ. ആളുകൾ കൂട്ടംകൂടി ഫിലിപ്പിനെ മർദിക്കു കയായിരുന്നെന്നു കൂടെയുണ്ടായിരുന്ന ബന്ധു ജോജുവും മാധ്യമങ്ങളോടു പറഞ്ഞു.
ആളുകൾ കൂട്ടം കൂടി തന്നെയും മകൻ ഫിലിപ്പിനെയും ആക്രമിക്കാൻ ശ്രമിച്ചു. തന്നെ ആക്രമിക്കുന്ന തു കണ്ടു പ്രാണരക്ഷാ ർഥമാണ് ഫിലിപ്പ് വെടി ഉതിർത്തതെന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. തട്ടുകടയിൽ എത്തിയ ഫിലിപ്പ് ബീഫും പൊറോട്ടയും ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു.
എന്നാൽ, പിന്നീട് മറ്റൊരാൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്തു. ഇതു ചോദ്യം ചെയ്തതോടെ ഒരാൾ ഫിലിപ്പിനെ പിടിച്ചു തള്ളുകയും പിന്നീട് കൂട്ടം ചേർന്നു മർദിക്കുകയുമായിരുന്നെന്നു അമ്മ പറയുന്നു.
ശനിയാഴ്ച രാത്രി 10.50 ഓടെയാണ് മൂലമറ്റം അറക്കുളം അശോക കവലയിൽ വെടിവയ്പിലേക്കു നയിച്ച അനിഷ്ടസംഭവങ്ങളുണ്ടായത്.
മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു-26) വെടിവച്ചതിനെത്തുടർന്നു സ്വകാര്യ ബസ് ജീവനക്കാരനായ കീരിത്തോട് പാട്ടത്തിൽ സനൽ സാബു (32) ആണ് കൊല്ലപ്പെട്ടത്.
മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്കരനെ(32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സനൽ സാബുവിന്റെ സംസ്കാരം സ്വദേശമായ കീരിത്തോട്ടിൽ നടത്തി.
രണ്ടു കാഞ്ചിയുള്ള തോക്ക്
ഇരട്ടക്കുഴലിൽ തീർത്ത രണ്ടു കാഞ്ചിയുള്ള തോക്കാണ് പ്രതി വെടി വയ്ക്കാൻ ഉപയോഗിച്ചത്. നായാട്ടിനാണ് ഇത്തരം നീളമുള്ള തോക്ക് ഉപയോഗിക്കുന്നത്. കാറിനുള്ളിൽനിന്ന് ഇത്രയും നീളമുള്ള തോക്കെടുത്തു വെടി വച്ച രീതിയെക്കുറിച്ച് ആദ്യം സംശയമുയർന്നു.
എന്നാൽ, ആദ്യം വെടിയുതിർത്ത സമയത്തു കാറിന്റെ ചില്ല് താഴ്ത്തിയ ശേഷം തോക്ക് പുറത്തേയ്ക്കു നീട്ടിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു
രണ്ടാമത് കാറിന്റെ ചില്ല് പൊട്ടിയ ഭാഗത്തു കൂടിയും വെടിവച്ചു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
2014 മുതൽ ഫിലിപ്പ് ഈ തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് പറയുന്നത്. തോക്ക് കൈമാറിയയാൾ വർഷങ്ങൾക്കു മുന്പ് മരിച്ചതായാണ് ഫിലിപ്പ് പോലീസിനോടു പറഞ്ഞിരിക്കുന്നത്.
എന്നാൽ, ഇതുപയോഗിച്ചു ഫിലിപ്പ് അക്രമങ്ങളൊന്നും നടത്തിയതായി ഇതുവരെ മറ്റു പരാതികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.
തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി ഫിലിപ്പ് മാർട്ടിനും പിതൃസഹോദരൻ ജിജുവുമാണ് രാത്രി എത്തിയത്.
ബീഫ് ഉൾപ്പെടെയുള്ള ഭക്ഷണത്തിന് ഓർഡർ നൽകി. എന്നാൽ, ബീഫ് ഇല്ലായെന്ന് കട ഉടമയും ബിജെപി ജില്ലാ സെക്രട്ടറിയുമായ പി.വി. സൗമ്യയും ഭർത്താവ് ബിനീഷും പറഞ്ഞു.
ഇതിനിടെ ഇവിടേക്കെത്തിയ മറ്റ് ചിലർക്കു ബീഫ് പാഴ്സൽ ചെയ്ത് നൽകുന്നതു കണ്ട ഫിലിപ്പ് മാർട്ടിൻ ഇതു ചോദ്യം ചെയ്തു.
ഈ സമയം കടയിൽ ഉണ്ടായിരുന്നവരും ഇവിടേക്കെത്തിയ ചിലരും ചേർന്നു ഫിലിപ്പ് മാർട്ടിനെ വളഞ്ഞിട്ടു മർദിച്ചു.
മുഖത്തും ശരീരമാസകലവും പരിക്കേറ്റ ഫിലിപ്പ് മാർട്ടിൻ അവശനായി വീണു. ഏതാനും സമയത്തിനു ശേഷം ഫിലിപ്പും ജിജുവും വന്ന ബൈക്കിൽ തന്നെ തിരികെ വീട്ടിലേക്കു മടങ്ങി.
സനലിനും പ്രദീപിനും വെടിയേറ്റത്
പിന്നീട് തോക്കുമായി തട്ടുകടയ്ക്കു സമീപമെത്തി കാറിലിരുന്ന് ആകാശത്തേക്കു വെടിയുതിർത്തു.
സംഘർഷത്തെത്തുടർന്നു മൂലമറ്റം ഹൈസ്കൂൾ ജംഗ്ഷൻ സമീപത്തേക്കു പോയ പ്രതിയുടെ പിന്നാലെ ഒരു സംഘം ആളുകൾ എത്തി ഇയാളുടെ കാർ അടിച്ചു തകർത്തു. ഇതേത്തുടർന്നു പ്രതി ആൾക്കൂട്ടത്തിനു നേരെ വെടി വയ്ക്കുകയായിരുന്നെന്നാണ് പറയുന്നത്.
ആ സമയം സുഹ്യത്തിന്റെ വീട്ടിൽ പോയി വരികയായിരുന്ന സനലിനും പ്രദീപിനും വെടിയേൽക്കുകയായിരുന്നു.
കഴുത്തിനു വെടിയേറ്റ സനൽ തത്ക്ഷണം മരിച്ചു. വെടിയേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടു പോകാനായി എത്തിയ ഓട്ടോറിക്ഷയ്ക്കു നേരെയും ഇയാൾ വെടിയുതിർത്തതായി പരാതിയുണ്ട്.
പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുട്ടത്തു വച്ചു പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തു.
വിദേശത്തായിരുന്ന പ്രതി രണ്ടു വർഷം മുന്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടുകാരുടെ മർദനത്തിൽ പ്രതിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾക്കു ജയിലിൽ ചികിത്സ നൽകുമെന്നു പോലീസ് പറഞ്ഞു.