തെക്കുകിഴക്കനേഷ്യയിലെ ദ്വീപ് രാഷ്ട്രമാണു ഫിലിപ്പീൻസ്. ഇവിടത്തെ ആളുകളുടെ ശൈത്യകാലത്തെ പ്രിയപ്പെട്ട വിഭവമാണു സൂപ്പ് ഇനത്തിൽപ്പെട്ട ‘പപ്പൈതാൻ’. പേരു കേട്ടാൽ രുചിച്ചുനോക്കാൻ ആഗ്രഹം തോന്നുക സ്വാഭാവികം. എന്നാൽ, അതിനു മുൻപ് ഈ വിഭവം തയാറാക്കുന്നത് എങ്ങനെ എന്ന് അറിയുന്നത് നല്ലതായിരിക്കും.
പശുവിന്റെ ചാണകമാണ് സൂപ്പിന്റെ പ്രധാന ചേരുവ. പശുവിന്റെ കരളിന്റെയും വയറിന്റെയും ഭാഗങ്ങളും പച്ചക്കറികളും ഇതിൽ ചേർക്കും. ഫിലിപ്പീൻസ് സന്ദർശിച്ച ഒരു സഞ്ചാരിയാണ് ഈ വിചിത്ര വിഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ഹോട്ടലിൽനിന്ന് ‘പപ്പൈതാൻ’ സൂപ്പ് കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
കയ്പുള്ള രുചിയാണെങ്കിലും ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതിനാൽ അസുഖകരമായ മണവും രുചിയും ഇതിനില്ലെന്നു സഞ്ചാരി വീഡിയോയിൽ പറയുന്നു. അതേസമയം, സൂപ്പിനായി ചാണകം ഉപയോഗിക്കുന്നില്ലെന്നും പശുവിന്റെയും ആടിന്റെയും വയറിനുള്ളിൽനിന്നുള്ള പിത്തരസം ഉപയോഗിച്ചാണു സൂപ്പ് തയാറാക്കുന്നതെന്നുമാണു പ്രദേശവാസികൾ പറയുന്നത്. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകൾ ചേർന്നതാണു ഫിലിപ്പീൻസ്. എന്നാൽ, 700 ദ്വീപിൽ മാത്രമേ ജനവാസമുളളൂ.