തോപ്രാംകുടി: നാടിന്റെയും നാട്ടുകാരുടെയും വിശേഷങ്ങൾ കൈമാറിയിരുന്ന ഫിലിപ് പടിയിറങ്ങി.
40 വർഷം വിശേഷങ്ങൾ എത്തിച്ചിരുന്ന വാത്തിക്കുടി പഞ്ചായത്തിലെ പെരുംതൊട്ടി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനാണ് സർവീസിൽ നിന്നും വിരമിച്ചത്.
1982ൽ ഇവിടെ പോസ്റ്റ്ഓഫീസ് ആരംഭിക്കുന്പോൾ 112. 50 രൂപ മാസ വേതനത്തിനു ജോലിയിൽ പ്രവേശിച്ച ഫിലിപ് 65-ാം വയസിൽ വിരമിക്കുന്പോൾ 17427 രൂപ വേതനം വാങ്ങി മറ്റു ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയാണ് സേവനം അവസാനിപ്പിക്കുന്നത്.
ഫോണോ മറ്റ് ആധുനിക വാർത്താ വിനിമയ സൗകര്യങ്ങളൊ ഇല്ലാതിരുന്ന കാലത്ത് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചു മന്നാത്തറ, രാജമുടി, പതിനേഴുകന്പനി, കിളിയാർകണ്ടം, ചന്ദനക്കവല, കാരിക്കവല തുടങ്ങിയ സ്ഥലങ്ങളിൽ കത്തുകൾ വിതരണം ചെയ്തിരുന്ന ഫിലിപ്പച്ചായൻ എന്നും നാട്ടുകാരുടെ വിശേഷം സൂക്ഷിപ്പുകാരനായിരുന്നു.
വിദേശത്തുള്ള മക്കളുടെ കത്തുകളും മണിയോർഡറുകളും കാത്തിരുന്ന മാതാപിതാക്കളും പ്രണയത്തിന്റെ മധുരവും കൊതിച്ച് കണ്ണും കൂർപ്പിച്ചിരുന്നവരും സർക്കാർ ഉത്തരവുകൾക്കു കാതോർത്തിരുന്നവരും ഒക്കെ ഫിലിപ്പച്ചായന്റെ കാൽപ്പെരുമാറ്റം കൊതിച്ചിരുന്നവരായിരുന്നു.
നാലു പതിറ്റാണ്ടിനു ശേഷം കത്തുകൾ മൊബൈൽ ഫോണിനും ഇന്റർനെറ്റിനും കംപ്യൂട്ടറുകൾക്കും വഴിമാറുന്ന കാഴ്ച കണ്ടാണ് ഈ അഞ്ചലോട്ടക്കാരൻ പടിയിറങ്ങുന്നത്.
ജോലി കിട്ടിയതിനു ശേഷമായിരുന്നു വിവാഹം. ഭാര്യ അന്നമ്മയും രണ്ടു മക്കളും ഉൾപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.