ആറ്റിങ്ങൽ: കടയ്ക്കാവൂരില്‍ അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്ക് യാത്രക്കാര്‍ വൃദ്ധയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. രക്തം വാര്‍ന്ന് നടുറോഡില്‍ കിടന്ന വൃദ്ധയെ ഒരാളും തിരിഞ്ഞ് നോക്കിയില്ല. അഞ്ചുതെങ്ങ്, നെടുംതോപ്പ് വീട്ടില്‍ ഫിലോമിന(65) നെയാണ് ബൈക്കിടിച്ച് വീഴ്ത്തിയത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മനഃസാക്ഷിയെ മരവിപ്പിച്ച സംഭവമുണ്ടായത്. മത്സ്യ വില്പനയ്ക്കായി കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിലൂടെ സഞ്ചരിക്കുകയായിരുന്ന ഫിലോമിനയെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്നതും അമിതവേഗതയിലെത്തിയതുമായ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടുറോഡില്‍ ബോധരഹിതയായി വീണ ഫിലോമിനയെ ഒരാളും തിരിഞ്ഞുനോക്കിയില്ല.
കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജില്‍ സ്ഥാപിച്ചിരുന്ന പോലീസിന്റെ സിസിടിവിയിലെ ഈ അപകട ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മനുഷ്യത്വരഹിതമായ ഈ സംഭവം പുറംലോകമറിയുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബൈക്കോടിച്ചയാളിനെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തു.
ആറ്റിങ്ങല്‍ അവനവഞ്ചേരി, ജി.ജി ഹൗസില്‍ അരുണ്‍ ബാബു (21) വിനെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. റോഡിനരികിലൂടെ സഞ്ചരിക്കുകയയായിരുന്ന വൃദ്ധയെ പിന്നിൽ നിന്നാണ് ഇടിച്ചുവീഴ്ത്തിയത്. ശക്തമായ ഇടിയില്‍ ഫിലോമിനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നിരുന്നു. മത്സ്യം കൊണ്ടുപോയിരുന്ന പാത്രവും മറ്റും റോഡിലേയ്ക്ക് തെറിച്ച് വീഴുകയും ചെയ്തു.
മാത്രമല്ല വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തുന്നത് എതിര് ദിശയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ കാണുകയും ചെയ്തു. വൃദ്ധ ബോധരഹിതയായി വീണ് കിടക്കുന്നത് കണ്ടിട്ടും ഇവരും ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് അതുവഴി കടന്നുപോയത്.
നിറയെ യാത്രക്കാരുമായി സ്വകാര്യ ബസും നിരവധി ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും അതുവഴി കടന്നുപോയിട്ടും ഒരാള്‍പോലും നിര്‍ത്തി വൃദ്ധയെ ഒന്ന് നോക്കുവാന്‍ പോലും ശ്രമിച്ചില്ല.
ചുവന്ന ബോര്‍ഡ് ഘടിപ്പിച്ച ഒരുവാഹനവും അതുവഴി കടുന്നുപോയത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ കടകളില്‍ ആള്ക്കാര് ഇരിക്കുന്ന ദൃശ്യവും കാണാന്‍ കഴിയും. ഒടുവില്‍ കാല്‍നട യാത്രക്കാരിലൊരാള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി ഒരു ഓട്ടോറിക്ഷയിലാണ് ഫിലോമിനയെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചത്. അഞ്ചുമിനിറ്റോളം വൃദ്ധ നടുറോഡില്‍ ഒരാളും തിരിഞ്ഞ് നോക്കാതെ അനാഥമായി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
വക്കം കായല്‍വാരം സ്വദേശി നൗഫലാണ് ഒടുവില്‍ ഇവരെ റോഡില്‍ നിന്നെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ പോലീസിനെ സഹായിച്ചത്. തലയില്‍ പന്ത്രണ്ടോളം തയ്യലുള്ള ഫിലോമിന അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തതിനാല്‍ മൊഴി നല്‍കാനായി ബുധനാഴ്ച കടയ്ക്കാവൂര്‍ സ്റ്റേഷനിലെത്തിയ ഫിലോമിനയുടെ സാന്നിധ്യത്തില്‍ രക്ഷകനായ നൗഫലിനെ പോലീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
അറസ്റ്റിലായ അരുണ്‍ ബാബുവിനെ കോടതിയില്‍ ഹാജരാക്കി. കൂടെ സഞ്ചരിച്ചിരുന്നവര്‍ വഴിയില്‍ നിന്ന് കയറിയതാണെന്നാണ് അരുണ്‍ മൊഴി നല്‍കിയിരിക്കുന്നത്.