ഒരിക്കല്‍ മിഥുന് മാനുവല്‍ തോമസിനോടു ചാന്‍സ് ചോദിച്ച പെണ്‍കുട്ടിക്കു വര്‍ഷങ്ങള്‍ക്കുശേഷം മിഥുന് തിരക്കഥയെഴുതിയ സിനിമയില്‍ നിര്‍ണായക വേഷം. ആ സിനിമയുടെ ചില ഭാഗങ്ങള്‍ കണ്ട്, പെണ്‍കുട്ടിക്കു ഫോണില്‍ മിഥുന്റെ അഭിനന്ദനം. സിനിമാ സീനുകള്‍ പോലെ കൗതുകച്ചന്തമുള്ള ചില കാഴ്ചകള്‍.
മിഥുന്റെ അസോസിയേറ്റ് വിഷ്ണു ഭരതന് സംവിധാനം ചെയ്ത ഫീനിക്സാണ് ആ സിനിമ. കപ്പേള, സൗദി വെള്ളയ്ക്ക എന്നിവയിലൂടെ ഹിറ്റായ കണ്ണൂരിന്റെ യുവതാരം നില്ജയാണ് സന്തോഷവതിയായ ആ പെണ്‍കുട്ടി. ഹൊറര്‍ ഡാര്‍ക് മിസ്റ്ററി ത്രില്ലര്‍ ഫീനിക്സില്‍ അജു വര്‍ഗീസിന്റെ ഭാര്യവേഷം. ഡോണ്‍ പാലത്തറ സിനിമ ഫാമിലിയില്‍ വിനയ്ഫോര്‍ട്ടിന്റെ നായിക. പുതു വേഷപ്പകര്ച്ചകളെക്കുറിച്ചു നില്‍ജ സംസാരിക്കുന്നു.
ചലഞ്ചായി ഡെയ്സി
പലരിലേക്കും പോയി അവസാനനിമിഷം എന്നിലേക്ക് എത്തിയതാണ് ഫീനിക്സിലെ ഡെയ്സി. അജുവിന്റെ കഥാപാത്രമായ ജോണിന്റെ ഭാര്യ. കപ്പേളയിലെ ലക്ഷ്മി, മലയന്‍കുഞ്ഞിലെ ഷൈനി, സൗദി വെള്ളക്കയിലെ അനുമോള്‍… മുമ്പു ചെയ്തവയുമായി യാതൊരു ബന്ധവുമില്ലാത്ത വേഷം.
തൊണ്ണൂറുകളിലെ വീട്ടമ്മയുടേതായ ആകുലതകളും ചിന്തകളും വൈകാരിക ഭാവങ്ങളുമൊക്കെയുള്ള കഥാപാത്രം. ഭാര്യയായ, മൂന്നു കുട്ടികളുടെ അമ്മയായ, 35നു മേല്‍ പ്രായമുള്ള, കുടുംബം നോക്കിനടത്തുന്ന, പക്വതയാര്‍ന്ന ഒരു കഥാപാത്രം മുമ്പു ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ചലഞ്ചായിരുന്നു ഡെയ്സി.
നില്ജയില്ല, ഡെയ്സിയാണ്
ഏറെ സംസാരിക്കുന്ന, ആക്ടീവായ ഒരാളാണു ഞാന്‍. പക്ഷേ, എല്ലാ കാര്യങ്ങളിലും ഏറെ മിതത്വം പാലിക്കുന്ന, ഒതുക്കമുള്ള, ഭര്‍ത്താവിനോടു ബഹുമാനത്തോടെ പെരുമാറുന്ന തൊണ്ണൂറുകളിലെ വീട്ടമ്മയാണു ഡെയ്സി. പുറത്തു പോകുമ്പോള്‍ സാരിയും വീട്ടില്‍ നൈറ്റിയുമാണല്ലോ അന്നു വീട്ടമ്മമാരുടെ വേഷം.
അത്തരം വേഷങ്ങളും മുടിക്കെട്ടും ആ ലുക്കും അടുക്കളപ്പണികളും എനിക്കു പരിചിതമായിരുന്നില്ല. പിന്നെ, അത്രയും മുതിര്‍ന്ന ആളായി വേഷമിടുമ്പോള്‍ അതിന്റേതായ പക്വതയും ശരീരഭാഷയും പ്രകടിപ്പിക്കണം. ഇതില്‍ നില്ജയില്ല, ഡെയ്സിയാണ്.
മിഥുന് മാനുവല്‍ തോമസ്
ഈ സിനിമയില്‍ ഏറ്റവുമാകര്‍ഷിച്ചത് മിഥുന് മാനുവല്‍ തോമസ് എന്ന പേരുതന്നെ. അദ്ദേഹത്തിന്റെ കഥാപാത്രമായതു വലിയ കാര്യം. ഗരുഡന് സിനിമയിലെന്നപോലെ ഇതിലും ചില പുതുമകൾ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ റിയാലിറ്റിയും മിസ്റ്ററിയും ഒന്നുചേരുകയാണ്.
രണ്ടു കാലഘട്ടങ്ങളിലാണ് കഥ പറയുന്നത്. തൊണ്ണൂറുകളിലും അതിനു പുറകിലേക്കുമാണു കഥാസഞ്ചാരം. ഫാമിലിക്കും റൊമാന്‍സിനും പ്രാധാന്യമുണ്ട്. ഒപ്പം, കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഇഷ്ടമുള്ള ഹൊററുമുണ്ട്. സാം സിഎസിന്റെ മ്യൂസിക്, നിധീഷ് കെടിആറിന്റെ എഡിറ്റിംഗ്, ഡിനോയുടെ വസ്ത്രാലങ്കാരം, ആല്‍ബിയുടെ ഛായാഗ്രഹണം… പിന്നില്‍ ക്വാളിറ്റിയുള്ള ടീമുണ്ട്.
അജു വര്‍ഗീസ്
അജു വര്‍ഗീസുമായി എന്റെ ആദ്യസിനിമയാണ്. കേരള ക്രൈം ഫയല്സിലേതുപോലെ വേറൊരു തരത്തിലുള്ള അജുവിനെ ഇതില്‍ കാണാം. അദ്ദേഹത്തിന്റെ കഥാപാത്രം വക്കീലാണ്. അനൂപ് മേനോന്, ചന്തുനാഥ്, ഭഗത് മാനുവല്‍ തുടങ്ങിയവരുമുണ്ട്. അഞ്ജലി നായരുടെ മകള്‍ ആവണി, ജെസ് സ്വീജൻ, അബ്രാം എന്നിവരാണ് കുട്ടിത്താരങ്ങൾ. തലശേരിയില്‍ കടല്‍ത്തീരത്തെ ഒരു വീട്ടിലായിരുന്നു ഷൂട്ടിംഗ്. 21 ഗ്രാംസിനു ശേഷം കെ. എൻ. റിനീഷ് നിര്‍മിച്ച ഫീനിക്സ് 17നു റിലീസാകും.
ഫുള്‍ പേടി അല്ല
പേടിപ്പിക്കാന്‍ വേണ്ടി ഏതോ രൂപം വരുന്നു അല്ലെങ്കില്‍ എന്തൊക്കെയൊ ചെയ്യുന്നു എന്ന മട്ടിലല്ല ഫീനിക്സ്. പേടിപ്പിക്കുന്ന തരത്തിലുള്ള ഇമോഷനുകള്‍ ഇതിലുണ്ട്. പക്ഷേ, ആദ്യാവസാനം പേടിപ്പിക്കുന്ന സിനിമയല്ല. ഹൊററിന്റേതായ ഒരു മൂഡില്‍ സിനിമ നമ്മളെ കൊണ്ടുപോകും. ഇതിലെ ഹൊറര്‍ നമ്മള് അനുഭവിച്ചറിയുകയാണ്.
ഞെട്ടിക്കാന്‍ ഫാമിലി
ഐഎഫ്എഫ്കെ ഇന്റര്‍നാഷണല്‍ മത്സരവിഭാഗത്തിലുള്ള ഫാമിലിയില്‍ വിനയ് ഫോര്‍ട്ടാണ് ലീഡ്. എന്റെ കഥാപാത്രം നീതു. ദിവ്യപ്രഭയും മാത്യു തോമസും മറ്റു വേഷങ്ങളില്‍. ഇടുക്കിലെ ക്രൈസ്തവ കുടുംബങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങളാണു പറയുന്നത്. ഫാമിലിയെന്നു കേള്‍ക്കുമ്പോള്‍ പ്രതീക്ഷിക്കുന്നതിനപ്പുറം ചിലതും സിനിമയിലുണ്ട്. ഏതൊരു മനുഷ്യനും പോസിറ്റീവും നെഗറ്റീവും ഉണ്ടാകും. വിവേകമുപയോഗിച്ച് നമ്മള് നെഗറ്റീവിനെ മാറ്റിവയ്ക്കും.
ഇതില്‍ വിനയ് ഫോർട്ടിന്റെ കഥാപാത്രം സോണിയുടെ പോസിറ്റീവ് സൈഡിനൊപ്പം മറ്റൊരു ഷേഡ് കൂടി കാണിക്കുന്നുണ്ട്. സമൂഹത്തില്‍ പല ആളുകളും പുറത്തു പറയാത്ത ചില കാര്യങ്ങളാണത്. പല കുടുംബങ്ങളിലും പല ബന്ധുക്കളുടെ ഇടയിലും സംഭവിക്കുന്നത്. നമ്മളില്‍ നടുക്കമോ വേദനയോ ഉളവാക്കുന്ന ചില ഷേഡ്സ്.
ഐഡന്റിറ്റി
എംടി കഥകളുടെ ആന്തോളജി സിനിമയില്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കഡുഗണ്ണാവയില്‍ വേഷമുണ്ട്. ഫോറന്‍സിക്കിനുശേഷം അഖില്‍ പോള്‍, അനസ് ഖാന് ടീം ഒരുക്കുന്ന ഐഡന്റിയാണ് എന്റെ അടുത്ത സിനിമ.
ഒന്നും ചെയ്യാനില്ലാതെ വെറുതേ നില്ക്കുന്ന തരം വേഷങ്ങള്‍ ചെയ്യില്ല. രണ്ടു സീനാണെങ്കിലും അതില്‍ എന്റേതായ ഒരടയാളം സാധ്യമെങ്കില്‍ ഞാന്‍ ഹാപ്പിയാണ്.
ടി.ജി. ബൈജുനാഥ്