തൃശൂർ: ആയിരക്കണക്കിനു നിക്ഷേപകരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ഫിനോമിനൽ ഗ്രൂപ്പിന്റെ എല്ലാ മേധാവികളേയും ഡയറക്ടർമാരേയും അറസ്റ്റു ചെയ്യണമെന്നും സ്വത്തു കണ്ടുകെട്ടണമെന്നും വഞ്ചിതരായ നിക്ഷേപകരുടെ സംഗമം ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിക്ഷേപകർക്കു പണം തിരിച്ചുനൽകണമെന്നു നിക്ഷേപകർ രൂപീകരിച്ച സമരസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു 11നു നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. മൂന്നുലക്ഷം രൂപയുടെ മൂന്നു കേസുകൾ മാത്രമാണു ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിനകം 5,180 പേർ പരാതിപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്പി പി.എൻ. ഉണ്ണിരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണസംഘം മുംബൈയിൽനിന്ന് ഏതാനും രേഖകളും തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. പോലീസ് നടത്തുന്ന നിയമനടപടികൾക്കു പുറമേ, ഫിനോമിനൽ സ്ഥാപനത്തിന്റെ മേധാവികളായ തോമസ്, റാഫേൽ, സെബാസ്റ്റ്യൻ, ചെയർമാൻ സിംഗ് തുടങ്ങിയവർക്കും ഡയറക്ടർമാർക്കുമെതിരേ സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യാൻ സമര സമിതി തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതിയിലും ചാലക്കുടി കോടതിയിലും കേസ് നടത്താനും സമരപരിപാടികൾക്കും ആവശ്യമായ പണം നിക്ഷേപകരിൽനിന്നു സമാഹരിക്കാൻ സമരസമിതി പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. പണപ്പിരിവു നടത്തുന്നുവെന്നു പ്രചരിപ്പിക്കുന്നതു കേസ് നടത്തിപ്പിനേയും സമരത്തേയും ദുർബലമാക്കാൻ ആഗ്രഹിക്കുന്നവരാണെന്നും യോഗം വിലയിരുത്തി.
ചാലക്കുടി സുരക്ഷാ ഭവനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഐ.എൻ. കുഞ്ഞിപ്പിള്ള അധ്യക്ഷനായി. രക്ഷാധികാരി സി.എൽ. ആന്റോ, ജി.ഡി. ജോസ്, രേണുക, പ്രഫ. സാറ തുടങ്ങിയവർ പ്രസംഗിച്ചു.
തട്ടിപ്പിന് ഇരയായ മുന്നൂറ്റന്പതോളം പേർ പങ്കെടുത്തു.