പട്ടിണിമൂലം ഏതുനിമിഷവും മരിക്കാന്‍ തായാറായി കഴിയുന്ന ഉഗാണ്ടയിലെ കാത്‌വേയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് ഫിയോണ. രോഗങ്ങളും അകാലമരണങ്ങളും കാത്വേയില്‍ കാറ്റായി വീശിയടിച്ചുകൊണ്ടിരുന്നു. എക്കാലവും. കൗമാരക്കാരായ പെണ്‍കുട്ടികള്‍ പോലും വിവാഹിതരാവുകയും അമ്മമാരാവുകയും ചെയ്യുന്ന നാടാണിത്. 1996-ല്‍ ആ നരകാനുഭവങ്ങള്‍ക്ക് നടുവില്‍ പിറന്നുവീണ ഫിയോണ എന്ന ആ പെണ്‍കുട്ടി ഇന്ന് ലോകപ്രസിദ്ധയാണ്. അവള്‍ കാത്വേയുടെ കുപ്രസിദ്ധിയെ തന്റെ ഇച്ഛാശക്തികൊണ്ടും പ്രതിഭകൊണ്ടും കഴുകിക്കളഞ്ഞിരിക്കുന്നു. ഇന്ന് കാത്വേയെ ലോകമറിയുന്നത് ചെസിലെ ഒരു അത്ഭുത പ്രതിഭയുടെ ജന്മദേശം എന്ന നിലയ്ക്കാണ്. ലോകപ്രസിദ്ധ ചലച്ചിത്രകാരി മീരാ നായര്‍ അവരുടെ ഏറ്റവും പുതിയ ചലച്ചിത്രത്തിന് വിഷയമാക്കിയത് അവളുടെ ജീവിതകഥയാണ്. ക്വീന്‍ ഓഫ് കാത്വേ എന്ന ആ ചലച്ചിത്രം ഇന്ന് ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്നു. ഇപ്പോള്‍ ഇരുപതുവയസ്സുള്ള ഫിയോണ മുറ്റ്സി എന്ന ആ പെണ്‍കുട്ടിക്ക് ജീവിതമെന്നാല്‍ പട്ടിണിയോടുള്ള നിരന്തര പോരാട്ടമായിരുന്നു. ആ അസാധാരണ ജീവിതത്തിലെ കനല്‍വഴികള്‍ ആദ്യം ലോകത്തിന് കാട്ടിക്കൊടുത്തത് ടിം ക്രോതേഴ്സ് എന്ന അമേരിക്കന്‍ എഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ ക്വീന്‍ ഓഫ് കാത്വേ എന്ന പേരിലുള്ള പുസ്തകമാണ് മീരാനായരുടെ സിനിമയ്ക്ക് ആധാരമായത്. വയറുനിറയെ ഭക്ഷണം സ്വപ്‌നം കണ്ടുനടന്നിരുന്ന കാലത്താണ് ഫിയോണ ചെസ് എന്ന അദ്ഭുതകരമായ കളി ആകസ്മികമായി നേരില്‍ കാണുന്നത്. അന്നവള്‍ക്ക് ഒന്‍പത് വയസ്സ്. കാത്വേയിലെ തെരുവിലൂടെ എന്തെങ്കിലും തിന്നാന്‍ തടയുമോ എന്നുനോക്കി വിശന്ന് നടക്കുകയായിരുന്നു അവള്‍. തെരുവിലൂടെ അങ്ങനെ നടക്കുമ്പോള്‍ കുറച്ചുപേര്‍ കൂടിയിരിക്കുന്നത് ഫിയോണ കണ്ടു. അവിടേക്ക് കയറി അകത്തേയ്ക്ക് നോക്കുമ്പോള്‍ കറുപ്പും വെളുപ്പും ചതുരങ്ങളുള്ള ഒരു ബോര്‍ഡില്‍ അതേ നിറങ്ങളുള്ള കരുക്കള്‍ വച്ച് അതിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ചില കുട്ടികള്‍! ആ കാഴ്ച അവളെ അദ്ഭുതപ്പെടുത്തി. ഫിയോണ പില്ക്കാലത്ത് അതേപ്പറ്റി ഇങ്ങനെയാണ് പറഞ്ഞത്: ‘എന്നെ അദ്ഭുതപ്പെടുത്തിയത് നിശ്ശബ്ദരായിരിക്കുന്ന ആ കുട്ടികളാണ്. കുട്ടികള്‍ ഇത്രയേറെ നിശ്ശബ്ദരായിരിക്കാന്‍ കാരണമെന്താണ് എന്നാണ് ഞാന്‍ തിരഞ്ഞത്. അവര്‍ ചെസില്‍ മുഴുകുകയും അതിന്റെ സന്തോഷം അനുഭവിക്കുകയും ചെയ്യുകയായിരുന്നു. ഞാന്‍ ധൈര്യത്തോടെ അകത്തുകയറി. ധൈര്യം പകര്‍ന്നത് രണ്ട് കാര്യങ്ങളാണ്.
അവിടെ എന്തെങ്കിലും ഭക്ഷിക്കാന്‍ ലഭിക്കും എന്ന പ്രതീക്ഷ. പിന്നെ ആ നിശ്ശബ്ദതയുടെ സന്തോഷം പങ്കുവെക്കാനുള്ള ആഗ്രഹം. കുട്ടികളുടെ നടുവിലുണ്ടായിരുന്ന പരിശീലകനായ ചെറുപ്പക്കാരന്‍ അവളെ കണ്ടു. അയാള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘പേടിക്കേണ്ട, കയറിവരൂ!’ അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ച ഒരു ക്ഷണമായിരുന്നു അത്. റോബര്‍ട്ട് കതാന്റെ എന്ന ചെസ് പരിശീലകന്‍ ആയിരുന്നു അദ്ദേഹം. കതാന്റെ ഒരു ക്രിസ്ത്യന്‍ മിഷണറിയായിരുന്നു. കാത് വേയിലെ തെരുവുകളില്‍ അലഞ്ഞു നടന്നിരുന്ന കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കുക എന്നതായിരുന്നു റോബര്‍ട്ടിന്റെ ആദ്യ ലക്ഷ്യം. എന്നാല്‍ വിശപ്പായിരുന്നു കാത്വേയിലെ പ്രശ്‌നം. എഴുന്നേറ്റുനടക്കാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ മണിക്കൂറുകളോളം പന്തുകളിക്കുന്നതെങ്ങനെ? അങ്ങനെയാണ് റോബര്‍ട്ട് കുട്ടികളെ ചെസ്സ് പരിശീലിപ്പിക്കാന്‍ തുടങ്ങുന്നത്. വിശപ്പിന് ഭക്ഷണം പ്രതിഫലമായി നല്‍കിക്കൊണ്ടുള്ള ആ പരീക്ഷണം റോബര്‍ട്ടിനെപ്പോലും അമ്പരപ്പിക്കുംവിധം വിജയമായിരുന്നു. തുടക്കത്തില്‍ ആറുകുട്ടികള്‍ മാത്രമുണ്ടായിരുന്ന ആ പരിശീലനകേന്ദ്രത്തിലേക്ക് അതിവേഗം കുട്ടികള്‍ എത്തിച്ചേരുകയായിരുന്നു. അവരില്‍ ഒരാളാണ് ഇന്ന് ലോകമറിയപ്പെടുന്ന ചെസ്സ് ചാമ്പ്യനായ ഫിയോണ. തഴയപ്പെട്ട ജനസമൂഹങ്ങള്‍ക്കിടയിലും ലോകമറിയേണ്ട വ്യക്തിത്വങ്ങളുണ്ട് എന്നതിന് തെളിവാണ് ഫിയോണയുടെ ജീവിതവിജയം.