എന്‍ജിന്‍ ഓഫാക്കാതെ കാറിന് പുറത്തേക്ക് ഇറങ്ങിയ വനിതാ ഡ്രൈവറുടെ ദേഹത്ത് കയറിയിറങ്ങി ആഡംബര വാഹനം. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍റ് ഗല്ലെനിലാണ് സംഭവം.
നാല്‍പ്പത്തിയഞ്ചുകാരിയായ ഡ്രൈവര്‍ക്കാണ് സ്വന്തം കാര്‍ കയറിയിറങ്ങി ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം.
ചെറിയൊരു ചരിവില്‍ കാര്‍ നിര്‍ത്തിയിട്ട് ഡിക്കിയില്‍ നിന്ന് എന്തോ എടുക്കാനായാണ് 45കാരി പുറത്തിറങ്ങിയതെന്നാണ് സംശയിക്കുന്നത്.
എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ എന്‍ജിന്‍ ഓഫാക്കാന്‍ ഇവര്‍ മറന്നുപോയിരുന്നു. ഇതോടെ വാഹനം പിന്നലേക്ക് ഉരുളുകയായിരുന്നു.
പിന്നിലേക്ക് വാഹനം ഉരുളുന്നത് കണ്ട് തടയാനുള്ള ശ്രമത്തിനിടെ വാഹനം 45കാരിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഇതോടെ നിലത്തേക്ക് വീണ സ്ത്രീയുടെ ദേഹത്തൂടെ കാര്‍ പിന്നോട്ട് വന്ന് വീണ്ടും കയറി ഇറങ്ങി. പിന്നോട്ട് നിരങ്ങിയ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതോടെയാണ് വീണ്ടും തിരികെ വന്നത്.
ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും കാര്‍ കയറി 45കാരി ബോധം നശിച്ച അവസ്ഥയിലായിരുന്നു. റോഡിന് സൈഡിലുണ്ടായിരുന്ന തടിയിലിടിച്ചാണ് കാര്‍ നിന്നത്.
45 കാരിയായ സ്വിസ് വനിത ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ലത്. ഇവരുടെ ആരോഗ്യനിലയേക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം ഡ്രൈവിംഗ് അറിയാത്ത വരന് വിവാഹ സമ്മാനമായി നല്‍കിയ കാറിടിച്ച് അമ്മായിഅമ്മയ്ക്ക് ഗുരുതരപരിക്ക്.
കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്ബർപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് വധുവിന്‍റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയത്.
മുമ്പ് ഒരിക്കല്‍ പോലും ഡ്രൈവ് ചെയ്തിട്ടില്ലെങ്കിലും പുതിയ കാറില്‍ അപ്പോള്‍ തന്നെ ടെസ്റ്റ് ഡ്രൈവ് നടത്താനുള്ള വരന്‍റെ തീരുമാനമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.
വാഹനം സ്റ്റാര്‍ട്ടാക്കി ബ്രേക്ക് പിടിക്കുന്നതിന് പകരം അരുൺ കുമാര്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതോടെ കാര്‍ കുതിച്ചു പാഞ്ഞ് വിവാഹ വേദിക്ക് പുറത്തുണ്ടായിരുന്ന ബന്ധുക്കളുടെ മേലേക്ക് ഇടിച്ചുകയറുകയായിരുന്നു.