ഒരുകാലത്ത് രാജ്യത്തെ അന്പരപ്പിച്ചിരുന്ന പേരുകളിൽ ഒന്നായിരുന്നു ഫൂലൻ ദേവി… നിയമവ്യവസ്ഥയെപ്പോലും അമ്മാനമാടാൻ കഴിഞ്ഞ യുവതി.
കൊള്ളയും കൊലയും നടത്തിയ വൻ സംഘത്തിന്റെ തലൈവി. അവളെക്കുറിച്ച് ഇറങ്ങാത്ത കഥകളും കാര്യങ്ങളുമില്ല. അവളുടെ വിളയാട്ടത്തിന്റെ ചരിത്രങ്ങൾ വായിച്ചു ജനം അന്പരന്നു. ഭരണാധികാരികൾ പോലും അവളെ പേടിച്ചു.
പോലീസ് പല ഘട്ടങ്ങളിലും അവൾക്കു മുന്നിൽ പകച്ചുനിന്നു. അവളുടെ പകയുടെ ശൗര്യം അറിഞ്ഞു. ചന്പൽക്കാട്ടിലെ കൊള്ളക്കാരിയെ പേടിക്കാത്തവർ ആ നാട്ടിൽ ചുരുക്കമായിരുന്നു. എന്നാൽ, തീരുമാനിച്ച് ഉറച്ചുകൊള്ളക്കാരിയാകാൻ ഇറങ്ങിപ്പുറപ്പെട്ടവൾ അല്ല ഫൂലൻദേവി. പക്ഷേ, സാഹചര്യങ്ങൾ അവളെ ചന്പൽക്കാട്ടിലെ കൊള്ളക്കാരിയാക്കിയെന്നു വേണം പറയാൻ.
38 വർഷമേ അവൾ ഈ ഭൂമിയിൽ ജീവിച്ചുള്ളൂ. പക്ഷേ, അക്കാലമത്രയും സംഭവബഹുലമായ ഒരു ഏടായിരുന്നു ആ ജീവിതം. ഒരുപക്ഷേ, ഇനിയൊരു സ്ത്രീക്കും ഫൂലൻ ദേവി നടന്നുപോയ വഴികളിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞേക്കില്ല.
പെണ്ണുങ്ങളൊന്നും കൊള്ളസംഘത്തിനു പറ്റിയവരല്ല എന്ന പഴയകാലത്തെ മുൻവിധിയെ തകിടം മറിച്ചവളാണ് ഫൂലൻ. അവളുടെ ജീവിതം കഥകളും സിനിമകളുമായി മാറി.
ആരാണ് ഫൂലൻ ദേവി ?
ചന്പൽക്കാടുകളെ കിടുകിടെ വിറപ്പിച്ച കൊള്ളക്കാരി. ബാൻഡിറ്റ് ക്യൂൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആക്രമണകാരി. പിന്നീട് ജയിൽവാസത്തിനു ശേഷം ഇന്ത്യയിലെ പാർലമെന്റംഗമായി മാറിയവൾ.
അവസാനം വാളെടുത്താൽ വാളാൽ എന്ന ചൊല്ലിനെ ശരിവച്ച് അക്രമികളുടെ വെടിയേറ്റ് മരിച്ചു വീണവൾ. തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നു ഫൂലൻ ദേവി.
ജനനം കുഗ്രാമത്തിൽ
കുഗ്രാമമായിരുന്ന ഉത്തർപ്രദേശിലെ ഗോരാ കാ പര്‍വയിലാണ് ഫൂലന്‍ദേവി ദളിത് കുടുംബത്തിൽ ജനിക്കുന്നത്. ജാതിവ്യവസ്ഥയില്‍ ഏറ്റവും താഴെയുള്ളവരായി കണക്കാക്കുന്ന വിഭാഗങ്ങളിലൊന്നായ ചണ്ഡാലത്തിയായി അവൾ വളർന്നു. തിരിച്ചറിവാകുന്നതിനു മുന്‍പേ വെറും പതിനൊന്നാം വയസിലായിരുന്നു ആദ്യ വിവാഹം.
തന്നേക്കാൾ മൂന്നിരട്ടിയോളം പ്രായമുള്ളയാളെയാണ് വിവാഹം ചെയ്യേണ്ടി വന്നത്. മുപ്പതു വയസ് പിന്നിട്ട മനുഷ്യനെ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കേണ്ടി വന്നതോടെയാണ് ഫൂലന്റെ ജീവിതം മാറിമറിയുന്നത്. ഭർത്താവിൽനിന്നു പോലും ക്രൂരമായ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു ഈ പതിനൊന്നുകാരിക്ക്.
ആദ്യ ഭർത്താവിനോടൊപ്പം കഴിഞ്ഞ ഒാരോ ദിവസവും ഫൂലൻ ഒരിക്കലും ഒാർമിക്കാൻ ഇഷ്ടപ്പെടാത്ത ദുരന്തദിനങ്ങളാണ്. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഒടുവിൽ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങേണ്ടിവന്നു കൊച്ചു ഫൂലന്.
എന്നാൽ, ഭർത്താവിനെ ഉപേക്ഷിച്ചുവന്ന ഫൂലനെ അന്ധവിശ്വാസങ്ങളുടെ വിളനിലമായ ഗ്രാമത്തിലെ ജനങ്ങളും മറ്റും മോശക്കാരിയായി ചിത്രീകരിച്ചു. ഗ്രാമവാസികൾ വേശ്യയെന്നു വിളിച്ച് അവളെ അധിക്ഷേപിച്ചു. പക്ഷേ, വീട്ടുകാര്‍ക്കു ഫൂലന് ഒരു തുണയായിരുന്നു. അസാമാന്യ ധൈര്യമുള്ള പെണ്‍കുട്ടി.
മാനഭംഗവും പീഡനവും തുടർന്നു
ഭർത്താവിന്റെ കൊടിയ പീഡനങ്ങളിൽനിന്നു രക്ഷപ്പെട്ട ഫൂലന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ പക്ഷേ, അതുകൊണ്ടും അവസാനിച്ചില്ല. അതു തുടർന്നുകൊണ്ടേയിരുന്നു.
ആകെയുണ്ടായിരുന്ന പിതാവിന്റെ കുറച്ചു ഭൂമിയുടെയും അതിനോടു ചേര്‍ന്നുള്ള ഒരു മരത്തിന്റെയും അവകാശത്തിനായി മാതൃസഹോദരന്റെ മകന് മായദീൻ അതിക്രമങ്ങള്‍ തുടങ്ങിയതോടെ ഫൂലന്‍ദേവിയുടെയും കുടുംബത്തിന്റെയും സമാധാനം എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു.
പിതാവിന്റെ സ്വത്തുക്കള്‍ മായദീൻ കൈയേറിയതിനെതിരെ ഫൂലന് പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തു. പക്ഷേ, മായദീന്റെ സ്വാധീന വലയത്തിലുള്ള പോലീസുകാർ ആ പരാതിക്കു പുല്ലുവില നൽകിയില്ല. പകരം പോലീസുകാർ ഫൂലനെ കെണിയിലാക്കാൻ മായദീനൊപ്പം ഒത്തുകളിച്ചു.
ഫൂലനെതിരേ അവർ കള്ളക്കേസുണ്ടാക്കി. അങ്ങനെ ഒരു മാസത്തോളം പോലീസ് അവളെ കസ്റ്റഡിയിൽ വച്ചു. എന്നാൽ, ആ പോലീസ് കസ്റ്റഡിക്കാലം ഒരിക്കലും ഒാർക്കാൻ ഇഷ്ടപ്പെടാത്ത ദിനങ്ങളാണ് അവൾക്കു സമ്മാനിച്ചത്.
കസ്റ്റഡിയിൽ കഴിഞ്ഞ അവളെ പോലീസുകാർ വേട്ടപ്പട്ടികളെപ്പോലെ ആക്രമിച്ചു. പല ദിവസങ്ങളിലും അവൾ കൂട്ട ബലാത്സംഗത്തിനും എതിർത്തപ്പോൾ മർദനത്തിനും ഇരയായി. ആഴ്ചകൾക്കു ശേഷം അവളെ പോലീസ് സ്റ്റേഷനിൽനിന്നു വിട്ടയയ്ക്കുന്പോൾ പാതി ചത്ത അവസ്ഥയിലായിരുന്നു ആ പെൺകുട്ടി.
(തുടരും)