കോഴിക്കോട്: സ്വകാര്യബസുകാര്ക്കെതിരേ നടപടി സ്വീകരിച്ച പോലീസിന് മുഖ്യമന്ത്രിയുടേയും സിഐടിയുവിന്റെയും സിപിഎമ്മിന്റെയും പേരില്‍ ഭീഷണി. രണ്ടര ലക്ഷം രൂപ നൽകിയാൽ നാളെ മുക്കം മേഖലയിലെ സ്വകാര്യ ബസുകാർ നടത്തുന്ന സൂചനാ പണിമുടക്ക് ഒഴിവാക്കാമെന്നു പറഞ്ഞാണ് സിഐടിയു തിരുവന്പാടി ഏരിയ സെക്രട്ടറിയുടെ പേരിൽ ഭീഷണികോൾ.
സിഐടിയു ഏരിയാ സെക്രട്ടറിയാണെന്നും ജില്ലാ കമ്മിറ്റി അംഗമാണെന്നും പിണറായി വിജയനാണ് ഭരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് 9745145956 നന്പറിൽ നിന്ന് കസബ പോലീസിനെ ഭീഷണിപ്പെടുത്തിയത്. ഫോൺവിളിയുടെ ഓഡിയോ ക്ലിപ്പിംഗ് “രാഷ്ട്രദീപിക’യ്ക്കു ലഭിച്ചു. പോലീസ് നിയമപരമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ആദ്യം മര്‍ദന നാടകവും പിന്നീട് ബസ് സമരവും സ്വകാര്യബസുകാര്‍ ആസൂത്രണം ചെയ്തിരുന്നു.
27 ന് താമരശേരി, കൊടുവള്ളി, കുന്നമംഗലം, മുക്കം, തിരുവമ്പാടി, നരിക്കുനി, ഓമശേരി റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നായിരുന്നു സംയുക്ത തൊഴിലാളി സമരസമിതിയുടെ അറിയിപ്പ്. എന്നാല്‍ പോലീസ് ഇക്കാര്യം വകവയ്ക്കാതെ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞുവരെ ഭീഷണി മുഴക്കിയത്. രണ്ടു തവണ സ്റ്റേഷനിലെ നമ്പറിലേക്കാണ് ഭീഷണി കോള്‍ എത്തിയത്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് കസബ എസ്ഐ ഈ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോഴും ഭീഷണി തുടര്‍ന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ വിശദമായി അന്വേഷിച്ചപ്പോള്‍ പോലീസിനെ ഭീഷണിപ്പെടുത്തി വിളിച്ചത് സിഐടിയു നേതാവല്ലെന്നും സിപിഎമ്മിനേയും സിഐടിയുവിനേയും പരാമര്‍ശിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേയുള്ള കേസില്ലാതാക്കാനാണ് ശ്രമം നടന്നതെന്നും പോലീസിന് ബോധ്യമായി. വ്യാജ പേരില്‍ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തയാളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബസ് ഉടമയുടെ ഗുണ്ടാ മാഫിയയിൽപ്പെട്ട ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. തിരുവമ്പാടി സിഐടിയു തിരുവമ്പാടി ഏരിയാ സെക്രട്ടറിയാണെന്നു പറഞ്ഞാണ് സ്റ്റേഷനിലേക്ക് വിളിച്ചത്. ദമ്പതികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത സ്വകാര്യബസിന്റെ ഡ്രൈവര്‍ ഓമശ്ശേരി പൂവ്വംപറമലയില് എന്‍.കെ. സുബൈറിനെ(38) പോലീസ് മര്‍ദിച്ചെന്നും അതിന് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺകോൾ.
സംഭവമറിഞ്ഞ കസബ എസ്ഐ വി.സിജിത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മലപ്പുറം അരീക്കോടിലെ ചെറുവായൂര്‍ സ്വദേശി ബൈജുവാണ് വിളിച്ചതെന്ന് കണ്ടെത്തി. ഇതോടെ ബൈജുവിന്റെ ഫോണിലേക്ക് എസ്ഐ തിരിച്ചുവിളിക്കുകയായിരുന്നു. അപ്പോഴും താന്‍ തിരുവന്പാടി ഏരിയാ സെക്രട്ടറിയാണെന്നാണ് ഇയാള്‍ പറയുന്നത്.
സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന് പറയുന്നതല്ലാതെ ബസ് ഡ്രൈവറുടെ പേരുപോലും ഇയാള്‍ക്കറിയില്ലായിരുന്നു. നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകം ഓർമയില്ലേയെന്നും ഈ വിഷയം ഗൗരവമാണെന്നും പറഞ്ഞാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. ജനകീയ സര്‍ക്കാര്‍ ഭരിക്കുന്ന സമയമാണിതെന്നും പിണറായിയാണ് നയിക്കുന്നതെന്നും പറഞ്ഞ് എസ്ഐയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കസബ സ്റ്റേഷനിലേക്ക് മുന്‍പ് ഫോൺ ചെയ്ത് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി ഇയാൾ എസ്ഐയോട് ഫോണിൽ സമ്മതിക്കുന്നുണ്ട്.
വിദ്യാർഥിനിയോട് അപമര്യാദയായി ബസ് ജീവനക്കാരൻ പെരുമാറിയ സംഭവത്തിൽ ഒരു സ്വകാര്യ ബസ് രണ്ടാഴ്ചയായി പോലീസ് കസ്റ്റഡിയിലാണ്. റോഡിലും പാളയം സ്റ്റാൻഡിലും അടിപിടികൂടിയതുമായി ബന്ധപ്പെട്ട് നിരവധി സ്വകാര്യ ബസുകൾക്കെതിരെ കസബ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിനെ തകർക്കുന്നതിനാണ് മർദനം ആരോപിച്ച് ഒരു വിഭാഗം സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു കമ്പനിയുടെ ബസിനെക്കുറിച്ച് നിരന്തരം പരാതി ഉയരുന്നുണ്ടെന്നും ആ കന്പനിയുടെ ഉടമ ജീവനക്കാരുടെ സംഘടനയുടെ നേതാവാണെന്നും പോലീസ് പറയുന്നു. ചില ജീവനക്കാർ മയക്കുമരുന്നിന് അടിമയാണെന്നും റോഡിൽ അടിപിടിയുണ്ടാക്കി പിന്നീട് ഒത്തുതീർപ്പുണ്ടാക്കുകയുമാണ് ഇവരുടെ രീതി. ഈ സംഘത്തിൽപ്പെട്ട ആളാണ് സുബൈറെന്നും പോലീസ് പറഞ്ഞു. ദമ്പതികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ നടപടി സ്വീകരിച്ച കസബ പോലീസിനെതിരേ ഒരു വിഭാഗം സ്വകാര്യബസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സ്വകാര്യ ബസിലെ തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തുമെന്നാണ് ഇവരുടെ പ്രഖ്യാപനം. അതേസമയം പോലീസിനെ സമ്മര്‍ദ്ദത്തിലാക്കി ചില സ്വകാര്യബസ് ജീവനക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടം തുടരാനാണ് ഭാവമെങ്കില്‍ അതിനെ കര്‍ശനമായി നേരിടുമെന്ന് സിറ്റി പോലീസ് കമീഷണര്‍ എ.വി.ജോര്‍ജ് പറഞ്ഞു.
അമിത വേഗതക്കെതിരേയും പൊതുസ്ഥലത്തെ സ്വകാര്യ ബസ് ജീവനക്കാരുടെ പരസ്യമായ തമ്മിലടിക്കെതിരേയും തുടര്‍ച്ചയായി നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകാര് സംഘടിച്ച് സമരത്തിനിറങ്ങിയതെന്നാണ് പറയുന്നത്. ഈ മാസം 17 നാണ് കേസിനാസ്പദമായ സംഭവം. സൈഡ് തന്നില്ലെന്നാരോപിച്ച് ബസ് ഡ്രൈവര്‍ ദമ്പതികളോട് മോശമായി പെരുമാറുകയായിരുന്നു. ഇതു സംബന്ധിച്ച് സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പോലീസിനെ കുടുക്കാന്‍ അപ്പോള്‍ തന്നെ മര്‍ദന നാടകവുമായി ബസ് ജീവനക്കാരന് രംഗത്തെത്തിയിരുന്നു.